ന്യൂഡൽഹി: ആരോഗ്യ സംരക്ഷണ ചെലവ് കുറച്ചുകൊണ്ട് നിരവധി രോഗികൾക്ക് ആശ്വാസം പകരുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. മരുന്നുകളുടെ വില എഴുപത് ശതമാനം വരെ കുറയ്ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലെന്ന് സൂചന. ക്യാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങൾക്കുള്ള ചില നിർണായക മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കാനാണ് സർക്കാർ തീരുമാനിക്കുന്നതിനാണ് സൂചന. ഇത് സംബന്ധിച്ച നിർണായക തീരുമാനം ഓഗസ്റ്റ് 15 ന് കേന്ദ്രം പ്രഖ്യാപിച്ചേക്കും.
ജൂലൈ 22ന് മരുന്ന് കമ്പനികളുടെ യോഗം കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാനുള്ള നീക്കം. സർക്കാർ ചില നിർദേശങ്ങൾ തയ്യാറാക്കിയെങ്കിലും പ്രഖ്യാപനം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ചില നിർണായക മരുന്നുകളുടെ ഉയർന്ന വിലയിൽ കേന്ദ്രത്തിന് ആശങ്കയുണ്ടെന്നും അവ നിയന്ത്രിക്കാൻ താൽപ്പര്യമുണ്ടെന്നും അധികൃതർ പറഞ്ഞു.
നിർദ്ദേശം പ്രാബല്യത്തിൽ വന്നാൽ, വിലയിൽ 70% വരെ കുറവുണ്ടാകും.
നിലവിൽ വ്യാപകമായി പ്രചാരത്തിലുള്ള മരുന്നുകൾ കൂടി ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി 2015 ലെ ദേശീയ അവശ്യ മരുന്നുകളുടെ പട്ടിക (NLEM) പരിഷ്കരിക്കാനും കേന്ദ്രം നടപടിയെടുക്കുന്നുണ്ട്. ദീർഘകാലമായി രോഗികൾ ഉപയോഗിക്കുന്ന മരുന്നുകളുടെ ഉയർന്ന വ്യാപാര മാർജിനുകൾ നിയന്ത്രിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. അന്തിമ നിർദ്ദേശം ചർച്ച ചെയ്യുന്നതിനായി ജൂലൈ 26 ന് ഫാർമ വ്യവസായ പ്രതിനിധികളുമായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ യോഗം വിളിച്ചിരുന്നു.
രാജ്യത്തെ മരുന്ന് വിപണിയുടെ 17ശതമാനവും കേരളത്തിലാണ്. ജീവിതശൈലി രോഗങ്ങള്‍ക്കും അര്‍ബുദ രോഗത്തിനുമുള്ള ഭൂരിഭാഗം മരുന്നുകള്‍ക്കും നിലവില്‍ ജി എസ് ടി 12ശതമാനമാണ്. ഇത് കുറയ്ക്കാനായാല്‍ തന്നെ വിലയില്‍ ഗണ്യമായ മാറ്റം ഉണ്ടാകും. കഴിഞ്ഞ ഏപ്രിലില്‍ 40000ല്‍ അധികം മരുന്നുകള്‍ക്ക് വില കൂടിയിരുന്നു. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ – മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വില ഉയര്‍ന്നിരുന്നു. ഇതിലും തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
Post Your Comments