ഹൈദരാബാദ്: റഷ്യന്‍ സര്‍വകലാശാലയുടെ വ്യാജ ബിരുദത്തിന്റെ ബലത്തില്‍ ചികിത്സ നടത്തിയിരുന്ന ഡോക്ടര്‍ പിടിയില്‍. ഹൈദരാബാദിലെ കര്മന്ഘാട്ടിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ആര് കെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കെ വിജയ് കുമാറാണ് (36) വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് പിടിയിലായത്. ഇയാള്‍ നല്കിയ വിവരം അനുസരിച്ച് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്കിയ സി ടി സ്കാന്‍ ടെക്നീഷ്യന് അഫ്രോസ് ഖാന്, കംപ്യൂട്ടര്‍ വിദഗ്ദ്ധനായ മഹ്ബൂബ് ഖാന് എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
വ്യാജ ബിരുദത്തിന് വേണ്ടി അഫ്രോസ് ഖാന് വിജയ് ആറര ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയതെന്നും ഇതനുസരിച്ച് റഷ്യയിലെ കസാന്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ ഒരു വ്യാജ ബിരുദം അഫ്രോസ് ഖാനും മഹ്ബൂബ് ഖാനും ചേര്‍ന്ന് നിര്‍മിച്ച് നല്‍കിയെന്നും പൊലീസ് പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ റഷ്യയുടെ ഇമിഗ്രേഷന്‍ സ്റ്റാമ്പ് കൂടി നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് ചെയ്തുകൊടുത്തിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി
നിരവധി വര്‍ഷങ്ങളായി വിജയ് കുമാര്‍ വ്യാജ ബിരുദവുമായി തട്ടിപ്പ് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പി ആര് ഒ, കംപോണ്ടര് എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ക്ക് ആശുപത്രിയുടെ പ്രവര്‍ത്തന രീതികളും അത്യാവശ്യ ചികിത്സാ രീതികളും അറിയാമെന്നത് തട്ടിപ്പ് നടത്താന്‍ അനുകൂല ഘടകങ്ങളായതും പൊലീസ് പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് ഉപ്പലിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രതിമാസം 60,000 രൂപയ്ക്ക് ഡോക്ടറായി സേവനം അനുഷ്ടിച്ചിരുന്നെന്ന് വിജയ് പൊലീസിന് മൊഴി നല്കി. ആറു മാസം അവിടെ പ്രവര്‍ത്തിച്ച ശേഷം കുറച്ചു നാളുകള്‍ ഇടവേള എടുത്ത വിജയ് പ്രതിമാസം 45,000 രൂപയ്ക്ക് മറ്റൊരു ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറായി ജോലിയില്‍ പ്രവേശിച്ചു. സ്ഥിരമായി നൈറ്റ് ഡ്യൂട്ടി എടുത്തിരുന്ന വിജയ് കുമാറിന് സ്വന്തമായി രോഗികള്‍ ഒന്നും ഇല്ലായിരുന്നെന്നും കൂടുതലും മറ്റ് ഡോക്ടര്‍മാര്‍ ചികിത്സിച്ച രോഗികളെ നോക്കുക മാത്രമാണ് ഇയാള്‍ ചെയ്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments