ന്യൂഡല്‍ഹി: മരുന്നുകളുടെ വിലയില്‍ 70 ശതമാനംവരെ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയിലാകും ഇളവ് വരുത്തുന്നത്. മരുന്നിന്റെ വില കുറയ്ക്കുന്ന തീരുമാനം ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഈ മാസം 26ന് മരുന്ന് നിര്‍മ്മാണ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്ക് വന്‍ വില കമ്പനികള്‍ ഈടാക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഏതൊക്കെ മരുന്നുകളാണ് അധിക വിലയ്ക്ക് വില്‍ക്കുന്നത് എന്ന കണക്ക് മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്ക് മുന്നില്‍ വയ്ക്കും.
മരുന്നുകളുടെ വില കുറയ്ക്കാനുള്ള ഒന്നിലധികം നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇത് കേന്ദ്ര സര്‍ക്കാര്‍ മരുന്നു കമ്പനികള്‍ക്ക് മുന്നില്‍ വയ്ക്കും. തുടര്‍ന്ന് വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും. ഇപ്രകാരം വിവിധ മരുന്നുകള്‍ക്ക് എഴുപത് ശതമാനം വരെ വിലകുറയുമെന്നാണ് കരുതുന്നത്. വിലക്കുറവ് നിലവില്‍വരുന്നതോടെ രാജ്യത്തെ ലക്ഷക്കണക്കിനുവരുന്ന രോഗികള്‍ക്ക് ആശ്വാസമാകും.
Post Your Comments