ന്യൂഡൽഹി: തിഹാർ ജയിലിനുള്ളിൽ നിരാഹാര സമരം നടത്തി നിരോധിത ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) തലവൻ യാസിൻ മാലിക്. തീവ്രവാദത്തിന് ധനസഹായം നൽകിയതുൾപ്പെടെയുള്ള കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മാലിക് തിഹാർ ജയിലിൽ നിരാഹാര സമരം ആരംഭിച്ചതായി ജയിൽ അധികൃതർ അറിയിച്ചു. തിഹാർ ജയിലിലെ ഏഴാം നമ്പർ ജയിലിൽ കഴിയുന്ന മാലിക് ജൂലൈ 22 നാണ് നിരാഹാര സമരം ആരംഭിച്ചത്. കേസ് ശരിയായ രീതിയിൽ അന്വേഷിക്കുന്നില്ലെന്നാരോപിച്ചാണ് സമരം.
2019 ൽ ജെകെഎൽഎഫ് നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് മാലിക് അറസ്റ്റിലായത്. ഈ വർഷം മെയ് 19 നാണ് തീവ്രവാദ ഫണ്ടിംഗ് കേസുകളിൽ മാലിക്കിനെ എൻഐഎ കോടതി ശിക്ഷിച്ചത്. മാലിക്കിന് ജീവപര്യന്തം ശിക്ഷ വിധിച്ച എൻഐഎ കോടതി 10 ലക്ഷം രൂപ പിഴയും വിധിച്ചു. തനിക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളെ എതിർക്കുന്നില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തിയുടെ സഹോദരിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകളുമായ റുബയ്യ സയീദ്, തന്നെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ മാലിക്കിനെ തിരിച്ചറിയുകയും ചെയ്തിരുന്നു. 1989 ഡിസംബർ 8 ന് ശ്രീനഗറിൽ വെച്ച് റുബയ്യയെ തട്ടിക്കൊണ്ടു പോകുകയും അഞ്ച് ദിവസത്തിന് ശേഷം ഡിസംബർ 13 ന് മോചിപ്പിക്കുകയും ചെയ്തിരുന്നു. അന്നത്തെ കേന്ദ്ര വി പി സിംഗ് സർക്കാർ പകരമായി അഞ്ച് ഭീകരരെ പകരം വിട്ടയയ്ക്കുകയായിരുന്നു. ഈ കേസിൽ മാലികും പ്രതിയായിരുന്നു. ഈ ജൂലായ് 15 നാണ് കേസുമായി ബന്ധപ്പെട്ട മാലിക്കിനെ റുബയ്യ സയീദ് തിരിച്ചറിഞ്ഞത്.
റുബയ്യ സയീദിനെ തട്ടിക്കൊണ്ടുപോയ കേസിന് പുറമെ, 1990 ജനുവരിയിൽ ശ്രീനഗറിൽ നാല് ഇന്ത്യൻ എയർഫോഴ്സ് (ഐഎഎഫ്) ഉദ്യോഗസ്ഥരെ വെടിവെച്ചുകൊന്ന കേസിലും മാലിക്കിനെതിരെ ആരോപണമുണ്ട്. ഈ കേസിലും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മാലിക് കേന്ദ്ര സർക്കാരിന് അപേക്ഷ നൽകി.
Post Your Comments