ന്യൂഡൽഹി: സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കും ഗോത്രവർഗത്തിന്റെ ശക്തീകരണത്തെ കുറിച്ചും സംസാരിക്കുന്നവർക്കുള്ള മറുപടിയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദ്രൗപദി മുർമുവിന്റെ വിജയം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന രാജ്യത്തിന് ചരിത്ര സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാന്താൾ സമുദായത്തിൽ പെട്ട ഒരു വ്യക്തി പിന്നോക്കം നിൽക്കുന്ന പ്രദേശത്ത് നിന്നും വന്ന് രാജ്യത്തിന്റെ ഉന്നത പദവിയിൽ എത്തി നിൽക്കുന്നത് ജനാധിപത്യത്തിന്റെ മഹാവിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ് എന്നിവരെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഇന്ത്യ ശാസ്ത്രരംഗം ആഗോള നിലവാരത്തിലെത്തിയത് അബ്ദുൾ കലാമിന്റെ കാലത്തായിരുന്നു. രാജ്യത്തിന്റെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും അദ്ദേഹം സഹായിച്ചുവെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. ദളിത് കുടുംബത്തിൽ നിന്നുമെത്തി രാജ്യത്തെ പ്രഥമ പൗരനായി മികച്ച സേവനം കാഴ്ചവെച്ച രാംനാഥ് കോവിന്ദിന്റെ പേര് അമിത് ഷാ പ്രത്യേകം പരാമർശിക്കുകയും ചെയ്തു.
Post Your Comments