തുടക്കക്കാർക്ക് ചെയ്യാൻ സാധിക്കുന്ന, നല്ല ഗുണം ലഭിക്കുന്ന പ്രാണായാമമാണ് നാഡീശുദ്ധി പ്രാണായാമം. ശ്വാസം ഉപയോഗിച്ചു കൊണ്ട് മനസ്സിനെ എങ്ങനെയാണ് ശമിപ്പിക്കാൻ പറ്റുന്നതെന്ന് അഥവാ സമാധാനമായിരിക്കാൻ പറ്റുന്നതെന്നു നോക്കാം
ചെയ്യുന്ന വിധം
സുഖാസനത്തിൽ (ചമ്രം പടിഞ്ഞ്) ഇരുന്ന ശേഷം ഇടതുകൈ ചിൻമുദ്രയിൽ (പെരുവിരലിന്റെ അഗ്രഭാഗവും ചൂണ്ടുവിരലിന്റെ അഗ്രഭാഗവും ചേർന്നിരിക്കണം) ഇടതു തുടയിൽ വയ്ക്കുക. വലതുകൈയിൽ നാസികാ മുദ്രയാണ് ഉപയോഗിക്കുന്നത്. പെരുവിരലിനു ശേഷമുള്ള രണ്ടു വിരലുകൾ പുരികക്കൊടികൾക്കു മധ്യഭാഗത്ത് വയ്ക്കുക. പെരുവിരൽ കൊണ്ട് വലത് നാസികം അടച്ചു പിടിക്കാം. ഒന്നു പുഞ്ചിരിക്കാം. കണ്ണുകൾ അടച്ചു പിടിക്കാം. ഇടതു മൂക്കിലൂടെ ഒരു ശ്വാസം പുറത്തേക്ക്. ശേഷം ഇടതു നാസികത്തിലൂടെതന്നെ ഒരു ദീർഘശ്വാസം അകത്തേക്ക് എടുക്കാം. മോതിരവിരൽ കൊണ്ട് ഇടത് നാസികം അടച്ചു പിടിക്കാം. എടുത്ത ശ്വാസം പതുക്കെ വലതു നാസികം തുറന്ന് പുറത്തേക്കു വിടാം.
തുടർന്ന്, ഇതുപോലെ വലതു നാസികത്തിലൂടെ ശ്വാസം അകത്തേക്ക് എടുത്ത് ഇടത് നാസികത്തിലൂടെ പുറത്തേക്കു വിടാം. ഇതു ചെയ്തു കഴിയുമ്പോൾ ഒരു റൗണ്ട് പൂർത്തിയാകും. ഇങ്ങനെ 9 റൗണ്ട് തുടരെ ചെയ്യാം.
ഓരോ ശ്വാസം എടുത്തുവിടുമ്പോഴും പൂർണ്ണ ശ്രദ്ധ ശ്വാസത്തിൽ മാത്രമായിരിക്കണം. 9 റൗണ്ട് ചെയ്തു കഴിയുമ്പോൾതന്നെ മനസ്സിന്റെ അവസ്ഥ മാറുന്നത് തിരിച്ചറിയാൻ സാധിക്കും.
Post Your Comments