
ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്‌ളാദം രാജ്യമെങ്ങും കൊണ്ടാടുമ്പോൾ, കേരളത്തിൽ പുതിയ രാഷ്‌ട്രീയ വിവാദത്തിന് കാരണമായിരിക്കുകയാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. ദേശീയ രാഷ്‌ട്രീയത്തിലെ ട്രെൻഡിന് വിപരീതമായി പതിവായി നിലപാട് സ്വീകരിക്കാറുള്ള കേരളത്തിൽ, ഇക്കുറി വിവാദമായിരിക്കുന്നത് ഒരു വോട്ടാണ്. ഇന്ത്യയുടെ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് അനുകൂലമായി പെട്ടിയിൽ വീണ ആ വോട്ടിന്റെ ജാതകം തിരയുകയാണ് രാഷ്‌ട്രീയ കേരളം.
യഥാർത്ഥത്തിൽ ദളിത് പിന്നോക്കക്കാർക്ക് വേണ്ടി നിലകൊള്ളുന്നവർ എന്ന് മേനി നടിക്കുന്നവർ ഗോത്രവർഗക്കാരിയായ ഒരു വനിതയ്ക്ക് വോട്ട് കൊടുക്കാഞ്ഞതിൽ സോഷ്യൽ മീഡിയ അമർഷം പ്രകടിപ്പിക്കുന്നുണ്ട്.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് വിപ്പ് നൽകാൻ സാധിക്കില്ലെങ്കിലും, കേരളത്തിലെ ഇരു മുന്നണികളും കർശനമായ നിർദ്ദേശമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമാജികർക്ക് നൽകിയിരുന്നത്. 140 എം എൽ എമാരും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. മുഴുവൻ വോട്ടുകളും സാധുവാണ്.
പക്ഷേ, യശ്വന്ത് സിൻഹയ്‌ക്ക് 139 വോട്ടുകളേ കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ളൂ എന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. അപ്പോൾ ഒരു വോട്ട് സ്വാഭാവികമായും ദ്രൗപദി മുർമുവിന് തന്നെയാണ് പോയിരിക്കുന്നത്. ആരായിരിക്കും ആ ഒരാൾ എന്ന ചർച്ച രാഷ്‌ട്രീയ വൃത്തങ്ങളിൽ ചൂട് പിടിച്ചു കഴിഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങളും ചർച്ചയുടെ ഭാഗമായി മാറിക്കഴിഞ്ഞു. പകുതി ട്രോളായും പകുതി കാര്യമായുമാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ ചർച്ചകൾ.
രാജ്യത്തിന്റെ സർവ്വസൈന്യാധിപ പദവിയിൽ എത്തുന്ന ആദ്യ ഗോത്രവർഗ വനിത എന്ന നിലയിൽ, മിക്ക സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികളുടെ നിർദ്ദേശം ലംഘിച്ച് പ്രതിനിധികൾ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തിരുന്നു. വനവാസി വിഭാഗത്തിൽ പെടുന്ന ജനപ്രതിനിധികൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ ദ്രൗപദി മുർമുവിന് മുൻതൂക്കം ലഭിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. കേരളത്തിൽ ഗോത്രവർഗ വിഭാഗത്തിൽ നിന്ന് ഒരു എം എൽ എ മാത്രമാണ് ഉള്ളത്. മാനന്തവാടിയിൽ നിന്നുള്ള സിപിഎം അംഗം ഒ ആർ കേളുവാണ് അത്. അദ്ദേഹം രാഷ്‌ട്രീയം മറന്ന് ദ്രൗപദി മുർമുവിന് വോട്ട് ചെയ്തിരിക്കാം എന്നാണ്, ഉയരുന്ന ചർച്ചകളിൽ ചിലതിലെ കാതൽ.
എന്നാൽ, സിപിഎമ്മിൽ നിന്ന് അത്തരമൊരു നീക്കത്തിന്റെ സാദ്ധ്യത രാഷ്‌ട്രീയ നിരീക്ഷകർ തള്ളുകയാണ്.അബദ്ധത്തിൽ ആർക്കെങ്കിലും വോട്ട് മാറിപ്പോയതാണോ എന്നും ചർച്ചകളിൽ ചിലർ സന്ദേഹം പ്രകടിപ്പിക്കുന്നു. എം എം മണി, വി ശിവൻകുട്ടി എന്നിവരുടെ പേരുകൾ ഇത്തരുണത്തിൽ ട്രോളന്മാർ തരാതരം പ്രയോഗിക്കുന്നുണ്ട്. ഏതായാലും, വരും ദിവസങ്ങളിൽ ക്രോസ് വോട്ടിംഗിന്റെ പേരിൽ കേരളത്തിലെ ഭരണ- പ്രതിപക്ഷങ്ങൾ കുരിശു യുദ്ധം നടത്താനുള്ള സാദ്ധ്യതകളാണ് ഇതോടെ സജീവമായിരിക്കുന്നത്. എന്തായാലും ആ ഒരു വോട്ട് മലയാളികളുടെ അന്തസ്സിനെ ഉയർത്തി എന്ന് തന്നെ പറയേണ്ടിവരും.
Post Your Comments