സെന്‍റ് ലൂസിയ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് മത്സരം. ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 36കാരനായ ധവാനെ ടി20 ടീമിലേക്ക് ഇനി പരിഗണിക്കില്ല. ഈ സാഹചര്യത്തില്‍ ഏകദിനങ്ങളില്‍ മാത്രമാകും ധവാന്‍ കളിക്കുക. ഇതുവരെ മൂന്ന് ഏകദിനങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള ധവാന്‍ 88 റണ്‍സാണ് ആകെ നേടിയത്.
അതേസമയം, മലയാളികള്‍ ഉറ്റുനോക്കുന്നത് സഞ്ജു സാംസണ് ടീമിലിടം ലഭിക്കുമോ എന്നതാണ്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ സഞ്ജുവിന് അവസരം ലഭിക്കേണ്ടതാണെങ്കിലും ആദ്യ മത്സരത്തില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലെത്താന്‍ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ഇഷാന്‍ കിഷനും ഇറങ്ങാനാണ് സാധ്യത.
എന്നാൽ, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മോശം ഫോം കണക്കിലെടുത്ത് ഇഷാന്‍ കിഷന് പകരം റുതുരാജ് ഗെയ്ഗ്‍വാദിനോ ശുഭ്മാൻ ഗില്ലിനോ ഓപ്പണിംഗ് സ്ഥാനത്തേക്ക് വഴി തുറന്നേക്കും. റുതുരാജ് അന്താരാഷ്‍ട്ര ഏകദിനത്തിൽ അരങ്ങേറിയിട്ടില്ല. മധ്യനിരയില്‍ ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും ഇടംനേടിയേക്കും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നാലാം നമ്പറിലെത്തി സെഞ്ചുറി നേടിയ സൂര്യകുമാറിലാവും ഇന്ത്യയുടെ പ്രതീക്ഷ.
ദീപക് ഹൂഡ, രവീന്ദ്ര ജഡേജ എന്നിവരാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന ഷര്‍ദ്ദുല്‍ ഠാക്കൂറിന് ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചേക്കും. പേസര്‍മാരായി പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ടില്‍ തിളങ്ങിയ അർഷ്ദീപ് സിംഗും ആദ്യ ഇലവനിലെത്തും. യുസ്‌വേന്ദ്ര ചാഹലാണ് ടീമിലെ ഏക സ്പിന്നർ.
Read Also:- സ്ത്രീകളിലെ ഹൃദയാഘാതം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഇന്ത്യയുടെ സാധ്യത ഇലവൻ: ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ/ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഷര്‍ദ്ദുല്‍ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.
Post Your Comments