നിയുക്ത പ്രസിഡന്റായ ദ്രൗപതി മുർമുവിനെതിരെ നടത്തിയ അധിക്ഷേപകരവും അപകീർത്തികരവുമായ പോസ്റ്റിന്റെ പേരിൽ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ കൊൽക്കത്ത ആസ്ഥാനമായുള്ള ഓഫീസിലെ ജനറൽ മാനേജരെ കമ്പനി പിരിച്ചുവിട്ടു. ഇന്ദ്രനിൽ ചാറ്റർജിയെ വെള്ളിയാഴ്ച ആണ് കമ്പനി പുറത്താക്കിയത്. വ്യാഴാഴ്ച തന്റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചാറ്റർജി മുറുമുവിനെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ടത്. ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഇത്തരം നടപടികളെ അംഗീകരിക്കുന്നില്ലെന്നും, ധാർമ്മികതയുടെ ഉയർന്ന നിലവാരം തങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്നും ഗ്രൂപ്പ് സിഇഒ ദിനേശ് ഭാട്ടിയ വ്യക്തമാക്കി.
ഇന്ത്യാ ടുഡേ ഗ്രൂപ്പ് സിഇഒ ദിനേശ് ഭാട്ടിയ നേതൃത്വ ടീമിന് അയച്ച ആന്തരിക ഇമെയിലിൽ പറയുന്നതിങ്ങനെ, ‘കഴിഞ്ഞ രാത്രി ഞങ്ങളുടെ കൊൽക്കത്ത സെയിൽസ് സ്റ്റാഫിലെ ഒരു അംഗം തന്റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടിൽ അങ്ങേയറ്റം അപകീർത്തികരമായ ഒരു പോസ്റ്റ് ഇട്ടത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. വിഷയത്തിൽ ഞങ്ങൾ ഖേദിക്കുന്നു. പോസ്റ്റ് വേദനിപ്പിക്കുന്നതും മനുഷ്യ മര്യാദയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവുമായിരുന്നു.
വിശദീകരണം ചോദിച്ചപ്പോൾ, തന്റെ ക്ഷണികമായ വിധിന്യായത്തിൽ സംഭവിച്ച തെറ്റാണെന്ന് ജീവനക്കാരൻ സമ്മതിച്ചു. അദ്ദേഹം നിരുപാധികം ക്ഷമാപണം നടത്തി, ഏതാനും മിനിറ്റുകൾക്കുള്ളിൽ താൻ പോസ്റ്റ് ഡിലീറ്റ് ചെയ്തുവെന്നും പറഞ്ഞു. എന്നിരുന്നാലും, ഇത് ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനമാണ്. ജീവനക്കാന്റെ സേവനങ്ങൾ ഇന്നലെ രാത്രിയോടെ തന്നെ അവസാനിച്ചു. അദ്ദേഹത്തെ ഉടൻ തന്നെ പിരിച്ചുവിട്ടു’, ഭാട്ടിയ മെയിലിൽ പറഞ്ഞു.
സ്വവർഗ്ഗ വിവാഹത്തെ പിന്തുണയ്ക്കാത്തതുപോലെ, ഒരു ആദിവാസി പ്രസിഡന്റിനെയും ഞാൻ പിന്തുണയ്ക്കുന്നില്ല എന്നായിരുന്നു ഇന്ദ്രനിൽ ഫേസ്‌ബുക്കിൽ കുറിച്ചത്. ‘കസേരകൾ എല്ലാവർക്കും വേണ്ടിയുള്ളതല്ല, അവയോട് ഒരു മാന്യത പുലർത്തണം. ഒരു തൂപ്പുകാരനെ ദുർഗാപൂജ ചെയ്യാൻ നാം അനുവദിക്കുമോ? ഒരു ഹിന്ദുവിന് മദ്രസയിൽ പഠിപ്പിക്കാൻ കഴിയുമോ? ഭരണകക്ഷിയുടെ വിലകുറഞ്ഞ സാമൂഹിക-രാഷ്ട്രീയ ഗിമ്മിക്കുകളല്ലാതെ മറ്റൊന്നുമല്ല ഇത്. അതുവഴി പ്രതിപക്ഷ പാർട്ടികളെ നടുവിരൽ കാണിച്ച് നിയമങ്ങൾ എളുപ്പത്തിൽ പാസാക്കാനാകും’, ചാറ്റർജി ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments