KeralaLatest News

‘ദിലീപിനെ പൂട്ടണം’ വാട്സാപ് ​ഗ്രൂപ്പിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥ, മഞ്ജു, മറ്റ് പ്രമുഖരും: വ്യാജമെന്ന വാദത്തിൽ അന്വേഷണം

കൊച്ചി: നടൻ ദിലീപിനെതിരായ ​ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലിപീനെതിരായ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ രൂപീകരിച്ച വാട്സാപ് ​ഗ്രൂപ്പ് സംബന്ധിച്ചാണ് അന്വേഷണം. ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിങ്ങനെയുള്ളവരുടെ പേരുകൾ ഉള്ളതാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ്.

എന്നാൽ, പ്രമുഖരുടെ പേരിൽ വ്യാജമായി നിർമിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഗ്രൂപ്പിൽ പേരുള്ള സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ മൊഴി ബുധനാഴ്ച ക്രൈംബ്രാഞ്ച് എടുത്തു. ഉച്ചയ്ക്ക് 12-ന് ആരംഭിച്ച മൊഴിയെടുപ്പ് വൈകീട്ട് വരെ നീണ്ടു. വാട്സ് ആപ്പ് ഗ്രൂപ്പ് തന്നെ അപകീർത്തിപ്പെടുത്താനുള്ളതാണെന്നും ഇത് നിർമിച്ചവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് ബൈജു കൊട്ടാരക്കര ബുധനാഴ്ച കൊച്ചി സെൻട്രൽ പോലീസിൽ പരാതി നൽകി.

ഗ്രൂപ്പിൽ പേരുള്ള ഏതാനും പേരുടെ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം സംവിധായകൻ ആലപ്പി അഷറഫിന്റെ മൊഴിയെടുത്തിരുന്നു. ഗ്രൂപ്പിൽ പേരുണ്ട് എന്നു കണ്ട് മഞ്ജു വാര്യരെ മൊഴിയെടുപ്പിന് വിളിച്ചിരുന്നു. എന്നാൽ, അവർ മൊഴി നൽകാൻ എത്തിയില്ല. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇതും അന്വേഷിക്കുന്നത്.

വാട്‌സ് ആപ്പ് ഗ്രൂപ്പ് നിർമിച്ചവരെ കണ്ടെത്താനാണ് ശ്രമം. 2017-ൽ ദിലീപ് ജയിലിലായിരുന്ന സമയത്താണ് ഗ്രൂപ്പ് നിർമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. നടൻ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോൺ ഫൊറൻസിക് പരിശോധന നടത്തിയപ്പോഴാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഷോൺ എന്നയാളുടെ ഫോണിൽ നിന്നാണ് അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീൻ ഷോട്ട് എത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button