KeralaLatest News

ഇന്നസെന്റിന്റെ വിയോഗത്തിൽ വിതുമ്പി സിനിമാ ലോകം: നിങ്ങൾ എന്റെ കുട്ടിക്കാലമായിരുന്നു എന്ന് ദുൽഖർ സൽമാൻ

ഇന്നസെന്റിന്റെ വിയോഗത്തിൽ കണ്ണീരോടെ സിനിമാ ലോകം. വെള്ളിത്തിരയിലും അതിന് പുറത്ത് ജീവിതത്തിലും വലിയ ചിരികൾ സമ്മാനിച്ചാണ് ഇന്നസെന്റ് എന്ന പ്രതിഭാശാലി വിട പറഞ്ഞിരിക്കുന്നത്. മരണവിവരം അറിഞ്ഞ് സിനിമാ താരങ്ങളായ മമ്മൂട്ടി, ജയറാം, ദിലീപ് അടക്കമുളളവർ ആശുപത്രിയിലെത്തിയിരുന്നു.

താരസംഘടനയെ 18 കൊല്ലം നയിച്ച വ്യക്തി കൂടിയാണ് ഇന്നസെന്റ്. ഇന്നസെന്റുമായി വ്യക്തിപരമായി വളരെ അടുപ്പമുള്ള ആളാണ് ദിലീപ്. ആശുപത്രിയിൽ കണ്ണീരണിഞ്ഞായിരുന്നു ദിലീപ് ഉണ്ടായിരുന്നത്. കണ്ണുകളിൽ ഇരുട്ട് മൂടുന്നു എന്നാണ് നടൻ ദിലീപ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ദിലീപിന്റെ കുറിപ്പ് ഇങ്ങനെ:

വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു…

കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും……. ??

‘മലയാള സിനിമാ ചരിത്രത്തിലെ ഒരു ഐതിഹാസിക അധ്യായത്തിന് അവസാനമായിരിക്കുന്നു’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ‘ അഭിനയത്തിൽ ജീവിക്കുകയും, ജീവിതത്തിൽ അഭിനയിക്കാതിരിക്കുകയും ചെയ്ത, പേര് അന്വർത്ഥമാക്കിയ വ്യക്തിത്വം. ആത്മശാന്തി’ എന്ന് ജയസൂര്യ അനുസ്മരിച്ചു. ‘നന്ദി ഇന്നസെന്റ് ചേട്ടാ! നൽകിയ ചിരികൾക്ക്… സ്‌ക്രീനിൽ മാത്രമല്ല, ജീവിതത്തിലും…’ എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.

അന്തരിച്ച നടൻ ഇന്നസെന്റിനെ അനുസ്മരിച്ച് ദുൽഖർ സൽമാൻ. വേർപിരിഞ്ഞത് ഏറ്റവും പ്രിയപ്പെട്ടയാളാണ് എന്നും വീട്ടിലെ മുതിർന്ന ഒരംഗത്തെ പോലെയായിരുന്നു എന്നും ദുൽഖർ പറഞ്ഞു.

‘നമ്മുടെ നക്ഷത്രക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള താരമായിരുന്നു നിങ്ങൾ. നിങ്ങൾ ഒരു അതുല്യ നടനായിരുന്നു. കാലാതീതനായ, എക്കാലത്തെയും മഹാന്മാരിൽ ഒരാൾ. അതിനപ്പുറം നിങ്ങൾ അത്ഭുതമായിരുന്നു, കുടുംബമായിരുന്നു. എനിക്ക്, സ്‌ക്രീനിൽ കണ്ട പ്രേക്ഷകർക്ക്, കണ്ടുമുട്ടിയ എല്ലാവർക്കും. നിങ്ങളെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ അച്ഛന്റെ സഹോദരനെ പോലെ, സുറുമിക്കും എനിക്കും അമ്മാവനെപ്പോലെ. നിങ്ങൾ എന്റെ കുട്ടിക്കാലമായിരുന്നു. അന്നും ഇന്നും നിങ്ങൾ ഞങ്ങൾക്ക് കഥകളായി മാറി. എപ്പോഴും ആളുകളെ ഒത്തുകൂട്ടി. എന്റെ എഴുത്ത് പോലെ നിങ്ങളെ കുറിച്ചുള്ള ചിന്തകൾ എല്ലായിടത്തും ഉണ്ട്. ഇന്നസെന്റ് അങ്കിൾ ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു’ ദുൽഖർ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button