Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

പുതിയ ജിഎസ്ടി നിരക്ക് ഘടന കുത്തക കമ്പനികളെ സഹായിക്കാന്‍ വേണ്ടിയുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ നീക്കം: തോമസ് ഐസക്

കേന്ദ്ര ധനമന്ത്രിയുടെ സാമര്‍ത്ഥ്യം സമ്മതിച്ചേ തീരൂ, നികുതി വര്‍ദ്ധിപ്പിച്ചത് എന്തോ വലിയ ആനുകൂല്യം നല്‍കിയെന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്

തിരുവനന്തപുരം: പുതിയ ജിഎസ്ടി നിരക്ക് ഘടന കുത്തക കമ്പനികളെ സഹായിക്കാന്‍ വേണ്ടിയുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ നീക്കമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: വിമാനത്താവളങ്ങളിൽ സേവന ഫീസ് 35% വരെ കുറയ്ക്കാൻ സാധ്യത: നീക്കങ്ങൾ ആരംഭിച്ച് സൗദി

കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വലിയ നികുതി ചോര്‍ച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിര്‍മ്മലാ സീതാരാമന്‍ കുത്തക കമ്പനികളുടെ വക്കാലത്ത് എടുത്തിരിക്കുകയാണെന്നും നികുതി വര്‍ദ്ധിപ്പിച്ചത് എന്തോ വലിയ ആനുകൂല്യം നല്‍കിയെന്ന മട്ടിലാണ് അവതരിപ്പിക്കുന്നതെന്നും തോമസ് ഐസക് വിമര്‍ശിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

‘പുതിയ ജിഎസ്ടി നിരക്ക് ഘടന കുത്തക കമ്പനികളെ സഹായിക്കാന്‍ വേണ്ടിയുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ നീക്കമാണ്. ബ്രാന്‍ഡ് ചെയ്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ 26 കിലോ പായ്ക്കറ്റിലാക്കിയാല്‍ നികുതി വെട്ടിപ്പ് നടത്താം. വലിയ നികുതി ചോര്‍ച്ചയിലേക്കാണ് ഇതു നയിക്കുക’.

‘ജിഎസ്ടി നികുതി വര്‍ദ്ധിപ്പിച്ചതു സംബന്ധിച്ച് നിര്‍മ്മലാ സീതാരാമന്റെ 14 ട്വീറ്റുകളുടെ ഒരു പരമ്പര ഉണ്ടായിരുന്നു. ഭക്ഷ്യധാന്യങ്ങള്‍, അവയുടെ പൊടികള്‍, തൈര് തുടങ്ങിയ 11 ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ലിസ്റ്റ് നല്‍കിയിട്ട് അവര്‍ പ്രഖ്യാപിക്കുന്നത് ഇതാണ്: ‘താഴെപ്പറയുന്ന ലിസ്റ്റിലെ ഇനങ്ങള്‍ മുന്‍കൂര്‍ ലേബല്‍ ചെയ്യാതെയോ, പാക്ക് ചെയ്യാതെയോ ചില്ലറയായി വിറ്റാല്‍ അവയുടെ മേല്‍ ജിഎസ്ടി നികുതി ബാധകമാകില്ല’.

‘കേന്ദ്ര ധനമന്ത്രിയുടെ സാമര്‍ത്ഥ്യം സമ്മതിച്ചേ തീരൂ. നികുതി വര്‍ദ്ധിപ്പിച്ചത് എന്തോ വലിയ ആനുകൂല്യം നല്‍കിയെന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്. മുന്‍പുണ്ടായിരുന്ന സ്ഥിതി എന്തായിരുന്നു? മേല്‍പ്പറഞ്ഞവ ബ്രാന്‍ഡ് ചെയ്ത പാക്കറ്റുകളില്‍ വിറ്റാല്‍ മാത്രമേ 5% നികുതി ബാധകമാകുമായിരുന്നുള്ളൂ. രജിസ്റ്റേര്‍ഡ് ബ്രാന്‍ഡ് അല്ലാതെ വെറും പേരാണെങ്കിലോ, പേരൊന്നും ഇല്ലെങ്കിലോ നികുതി കൊടുക്കേണ്ടതില്ല’.

‘ഇനിമേല്‍ മുന്‍കൂര്‍ പായ്ക്ക് ചെയ്തു വിറ്റാല്‍ നികുതി കൊടുക്കണം. ഉദാഹരണത്തിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉല്‍പ്പന്നങ്ങള്‍ എല്ലാം പ്ലാസ്റ്റിക് കവറില്‍ അരക്കിലോ ഒരുകിലോ പാക്ക് ചെയ്താണു വില്‍ക്കുന്നത്. ഇതുകൊണ്ടുള്ള ഗുണം പലതാണ്. ഒന്ന്, തൂക്കം കൃത്യമായിട്ട് ഉണ്ടാകും. രണ്ട്, സാധനങ്ങള്‍ വാങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ പുതിയ നിയമം വന്നതോടെ ഇതിനും നികുതി വേണം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വില വര്‍ദ്ധിപ്പിച്ചുവെന്നു ചില പത്ര റിപ്പോര്‍ട്ടുകള്‍ വായിച്ചു’. ഇതിന് നിര്‍മ്മലാ സീതാരാമന്‍ പറയുന്ന കാരണം വിചിത്രമാണ്. പല കമ്പനികളും ബ്രാന്‍ഡ് വേണ്ടെന്നുവച്ച് വില്‍ക്കുന്നതുകൊണ്ട് നികുതി ചോരുന്നു. ബ്രാന്‍ഡ് വേണ്ടെന്ന് ഏതെങ്കിലുമൊരു വലിയ വ്യാപാര സ്ഥാപനം ഒരിക്കലും തീരുമാനിക്കില്ല. കാരണം അത്രയേറെ പരസ്യവും മറ്റും നല്‍കി ബ്രാന്‍ഡ് സ്ഥാപിച്ച് എടുത്തിട്ടുള്ളതാണ്. കുടുംബശ്രീയോ ചെറുകിട കച്ചവടക്കാരോ ബേക്കറികളോ മറ്റോ തങ്ങളുടെ ബ്രാന്‍ഡിനു രജിസ്‌ട്രേഷന്‍ വേണ്ടെന്നുവച്ചു കാണാം. ഇതിനെയാണ് പര്‍വ്വതീകരിച്ചു വലിയ പ്രശ്‌നമാക്കുന്നത്’.

‘ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന സംവിധാനത്തിലും നികുതി ചോരാമല്ലോ. 25 കിലോ പാക്കറ്റിനു പകരം 26 കിലോ ആക്കിയാല്‍ നികുതി നല്‍കണ്ട. വന്‍കിട കമ്പനികളെല്ലാം ചെയ്യാന്‍ പോകുന്നത് ഇതാണ്. നേരത്തേ ബ്രാന്‍ഡ് ഉണ്ടായിരുന്നപ്പോള്‍ എത്ര കിലോ പായ്ക്കറ്റാണെങ്കിലും നികുതി നല്‍കണമായിരുന്നു. പുതിയ സംവിധാനമാണ് നികുതി വെട്ടിപ്പിന് ഇടയാക്കാന്‍ പോകുന്നത്’.

‘നിര്‍മ്മലാ സീതാരാമന്‍ കുത്തക കമ്പനികളുടെ വക്കാലത്ത് എടുത്തിരിക്കുകയാണ്. നേരത്തേ, ബ്രാന്‍ഡുള്ള വന്‍കിടക്കാര്‍ക്ക് നികുതിയില്‍ നിന്ന് ഒഴിവാകാന്‍ പറ്റുമായിരുന്നില്ല. അതേസമയം, ചെറുകിടക്കാര്‍ ബ്രാന്‍ഡ് വേണ്ടെന്നുവച്ച് പേരില്ലാതെ പായ്ക്കറ്റുകളിലാക്കി വില്‍ക്കുമായിരുന്നു. ഈ വിവേചനത്തെക്കുറിച്ച് വന്‍കിട കമ്പനികള്‍ കേന്ദ്രത്തിന് പരാതി നല്‍കിയെന്നാണ് ട്വീറ്റില്‍ അവര്‍ പറയുന്നത്. അറിയാതെ അവര്‍ പറഞ്ഞുവയ്ക്കുന്നത് വന്‍കിട കമ്പനികളെ സഹായിക്കാനാണ് പുതിയ നിലപാടെന്നാണ്’.

‘നിര്‍മ്മലാ സീതാരാമന്റെ മറ്റൊരു വാദം സംസ്‌കരിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താതിരുന്നാല്‍ അവ സംസ്‌കരിക്കുന്ന ഫാക്ടറികള്‍ക്കും മറ്റും ഇന്‍പുട്ട് ക്രെഡിറ്റ് കിട്ടാതെ വരും. കാരണം അവ സംസ്‌കരിച്ച ഉല്‍പ്പന്നം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ഔട്ട്പുട്ട് ടാക്‌സില്‍ നിന്നാണല്ലോ ഇന്‍പുട്ട് ടാക്‌സ് കിഴിച്ച് ശിഷ്ടമാണ് സര്‍ക്കാരില്‍ നികുതിയായി അടയ്‌ക്കേണ്ടത്. ഈ പ്രശ്‌നം പരിഹരിക്കാന്‍വേണ്ടി അവശ്യസാധനങ്ങളുടെമേല്‍ നികുതി ചുമത്തേണ്ടതില്ല. കയറ്റുമതി ഉല്‍പ്പന്നങ്ങളെപ്പോലെ പൂജ്യം നികുതി ഏര്‍പ്പെടുത്തിയാല്‍ മതി’.

‘രാജ്യം വലിയ വിലക്കയറ്റത്തെ നേരിടുമ്പോഴാണ് അവശ്യസാധനങ്ങളുടെ മേലുള്ള നികുതി വര്‍ദ്ധനവ്. വിലക്കയറ്റത്തിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ഭക്ഷ്യവിലകളില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവാണ്. അവിടെ വീണ്ടും നികുതിമൂലം 5% വില ഉയരാന്‍ പോവുകയാണ്. തികച്ചും ജനവിരുദ്ധമാണ്. ഇത് നികുതി ചോര്‍ച്ച വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. കുത്തക പ്രീണന നയത്തിന്റെ ഭാഗമാണ്. ജിഎസ്ടി റവന്യു വരുമാനം വര്‍ദ്ധിപ്പിക്കണമെങ്കില്‍ സാധാരണക്കാരുടെ അവശ്യസാധനങ്ങളുടെമേല്‍ നികുതി വര്‍ദ്ധിപ്പിക്കുക അല്ല, മറിച്ച് കുറച്ച് ആഡംബര വസ്തുക്കളുടെ മേലുള്ള നികുതി പുനസ്ഥാപിക്കുകയാണ് ചെയ്യേണ്ടത്’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button