മസ്‌കത്ത്: ഒമാനിൽ വിവിധ മേഖലകളിൽ മഴ തുടരുന്നു. ന്യൂനമർദം ദുർബലമായെങ്കിലും രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നോർത്ത് അൽ ഷർഖിയ, അൽ ദാഖിലിയ, അൽ ദാഹിറ, ബുറൈമി തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടിരുന്നത്. രാത്രിയാത്രയിൽ ഏറെ ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
രാജ്യത്തിന്റെ പലയിടങ്ങളിലും റോഡിൽ മണൽ അടിഞ്ഞു കൂടിയിട്ടുണ്ട്. ശക്തമായ മഴയും കാറ്റും ഉള്ളതിനാൽ വാഹനങ്ങൾ വേഗം കുറയ്ക്കുകയും മതിയായ അകലം പാലിക്കുകയും വേണമെന്നും അധികൃതർ നിർദ്ദേശിച്ചു. അതേസമയം, ദോഫാറിലേക്കു യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൂടുതൽ പട്രോളിങ് സംഘങ്ങളെ നിയോഗിക്കുകയും ചെക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി.
വാദികൾ, ബീച്ചുകൾ, മലയോരങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിട്ടു നിൽക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുണ്ടായ അപകടങ്ങൾ കണക്കിലെടുത്താണ് നടപടി.
Post Your Comments