ദോഹ: രാജ്യത്തെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കുള്ളിലുള്ള ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആരോഗ്യ കേന്ദ്രങ്ങൾക്കുള്ളിൽ അംഗീകൃത കേന്ദ്രങ്ങളിൽ നിന്നല്ലാത്ത ഔഷധ മരുന്നുകൾ, വിറ്റാമിനുകൾ, സൗന്ദര്യ വർധക ഉത്പന്നങ്ങൾ, ഫുഡ് സപ്ലിമെന്റുകൾ എന്നിവയുടെ വിൽപനയും വാങ്ങലും കർശനമായി നിരോധിച്ചാണ് ഖത്തർ ഉത്തരവിറക്കിയത്. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കും ഇക്കാര്യം വ്യക്തമാക്കി അധികൃതർ സർക്കുലർ അയച്ചു.
ലൈസൻസുള്ള ഇറക്കുമതിക്കാരനിൽ നിന്നോ അംഗീകൃത ഏജന്റിൽ നിന്നോ ആദ്യമായി ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ പൊതുജനാരോഗ്യ മന്ത്രാലയം ഇഷ്യു ചെയ്തിരിക്കുന്ന കമ്പനിയുടെ ഹെൽത്ത് ലൈസൻസിന്റെ പകർപ്പും ഉത്പന്നത്തിന്റെ രജിസ്ട്രേഷൻ, ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പകർപ്പും വാങ്ങണം. ആരോഗ്യകേന്ദ്രത്തിനുള്ളിൽ ഫാർമസി ഇല്ലെങ്കിൽ ആരോഗ്യ കേന്ദ്രം ഉപയോഗിക്കുന്ന ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ പട്ടികയ്ക്ക് മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
ഇറക്കുമതി ചെയ്യുന്നവ ഉൾപ്പെടെയുള്ള എല്ലാത്തരം ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളും വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ അംഗീകൃത ഏജൻസിയുടെയോ അല്ലെങ്കിൽ ഇറക്കുമതിക്കാരന്റെയോ ലേബൽ, പേര്, ഉൽപന്നത്തിന്റെ വില വിവരങ്ങൾ എന്നിവ കൃത്യമായി ഉണ്ടായിരിക്കണം. ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വകുപ്പിൽ നിന്ന് മുൻകൂർ അനുമതി തേടിയിരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Read Also: സിങ്ജിയാങ്ങ് മനുഷ്യാവകാശ ലംഘനങ്ങൾ: യുഎൻ റിപ്പോർട്ട് പുറത്തു വരാതിരിക്കാൻ ചരടുവലിച്ച് ചൈന
Post Your Comments