Latest NewsKeralaCinemaMollywoodNewsEntertainment

‘സാമ്പത്തിക പ്രതിസന്ധി ആണെങ്കിൽ റമ്മി കളിച്ചാൽ പോരായിരുന്നോ? ഒരു കോടി വരെ നേടാനുള്ള അവസരം ആയിരുന്നല്ലോ’: അഖിൽ മാരാർ

കൊച്ചി: കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്നം വന്നതുകൊണ്ടാണ് ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കിയ നടൻ ലാലിനെ പരിഹസിച്ച് സംവിധായകൻ അഖിൽ മാരാർ. ദിവസം ലക്ഷത്തിന് മുകളിൽ പ്രതിഫലം വാങ്ങി, ഇത്രയും വർഷത്തെ സമ്പത്തുള്ള താങ്കൾക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് ആണെങ്കിൽ സിനിമ മേഖലയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന, മറ്റ് ജോലികൾ ചെയ്തു ജീവിക്കുന്ന ടെക്‌നീഷ്യന്മാരുടെ അവസ്‌ഥ എന്താകുമെന്ന് അഖിൽ പരിഹാസരൂപേണ ചോദിക്കുന്നു.

റിമി ടോമി, വിജയ് യേശുദാസ് എന്നിവരെ പോലെ ലാലും ചൂതാട്ടം പ്രോത്സാഹിപ്പിക്കാൻ ഇറങ്ങിയപ്പോൾ പുച്ഛം തോന്നിയെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, അതിനേക്കാൾ പുച്ഛം തോന്നുന്നത് അത് ചെയ്യാനുണ്ടായ കാരണം ലാൽ വെളിപ്പെടുത്തിയപ്പോഴാണെന്ന് സംവിധായകൻ പറയുന്നു. സാമ്പത്തിക പ്രതിസന്ധി കൊണ്ടായിരുന്നു എങ്കിൽ റമ്മി കളിച്ചാൽ പോരായിരുന്നോ എന്നും അദ്ദേഹം ചോദിക്കുന്നു. ഒരു കോടി വരെ നേടാനുള്ള സുവർണ്ണാവസരം ആയിരുന്നല്ലോ എന്നാണ് അഖിൽ പരിഹസിക്കുന്നത്. കോടികൾ വാഗ്ദാനം ചെയ്തിട്ടും മദ്യത്തിന്റെ പരസ്യത്തിൽ അഭിനയിക്കില്ല, രാജ്യത്തെ യുവാക്കളെ വഴി തെറ്റിക്കാൻ കൂട്ട് നിൽക്കില്ല എന്ന് പറഞ്ഞ സച്ചിൻ ടെണ്ടുൽക്കൽ എന്ന മനുഷ്യനെ ആരാധനയോടെ ഓർത്തു പോകുന്നുവെന്ന് പറഞ്ഞാണ് സംവിധായകൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അഖിൽ മാരാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട ലാൽ സാർ…
റിമി ടോമി ,വിജയ് യേശുദാസ് എന്നിവർക്കൊപ്പം താങ്കളും ഈ ചൂതാട്ടം പ്രോത്സാഹിപ്പിക്കാൻ ഇറങ്ങിയപ്പോൾ പുച്ഛം തോന്നി…യുവാക്കളെ കഞ്ചാവിനെക്കാളും മയക്കുമരുന്നിനെക്കാളും നശിപ്പിക്കുന്ന ലഹരിയാണ് ചൂതാട്ടം.. എളുപ്പത്തിൽ എങ്ങനെ പണം ഉണ്ടാക്കാം എന്ന് നോക്കിയിരിക്കുന്ന യുവ തലമുറയും മൂത്ത തലമുറയും ഒരുപോലെ ഈ ചതിക്കുഴിയിൽ വീണ് ജീവിതം നശിപ്പിക്കുന്നു..

ഈ പരസ്യം ചെയ്തപ്പോൾ തോന്നിയതിനെക്കാൾ പുശ്ചമാണ് ഇത് ചെയ്യാനായി അങ്ങു ഇപ്പോൾ പറഞ്ഞ ന്യായീകരണം… ദിവസത്തിനു ലക്ഷത്തിന് മുകളിൽ പ്രതിഫലം വാങ്ങി മലയാളം തമിഴ് ഉൾപ്പെടെ അഭിനയിക്കുന്ന സിനിമയുടെ മറ്റ് മേഖലയിൽ നിന്നും വരുമാനം ഉള്ള ഇത്രയും വർഷത്തെ സമ്പത്തു ഉള്ള അങ്ങേയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് ആണെങ്കിൽ സിനിമ മേഖലയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന മറ്റ് ജോലികൾ ചെയ്തു ജീവിക്കുന്ന ടെക്‌നീഷ്യന്മാരുടെ അവസ്‌ഥ എന്താകും.. സ്വന്തമായി വീടോ ,വാഹനമോ ഇല്ലാത്ത ആഗ്രഹം കൊണ്ട് മാത്രം സിനിമയിൽ തുടരുന്ന ആയിരങ്ങളുടെ അവസ്‌ഥ എന്തായിരിക്കും..കഴിഞ്ഞ2 വർഷത്തെ ലോക്ഡൗൻ കാലം അവർ എങ്ങനെ ജീവിച്ചു കാണും..
പരസ്യത്തിൽ ഒന്നും അഭിനയിക്കാൻ അവർക്ക് കഴിയില്ല പക്ഷെ സാമ്പത്തിക പ്രതിസന്ധി കൊണ്ട് അവർ സിനിമയിലെ ആൾക്കാർക്ക് കഞ്ചാവ് വിറ്റ് ജീവിക്കാൻ ശ്രമിക്കുകയും..പിന്നീട് പിടിക്കപ്പെടുമ്പോൾ സാഹചര്യം കൊണ്ടാണ് എന്ന് പറയുന്നതിൽ അർത്ഥമുണ്ടോ…

സാമ്പത്തിക പ്രതിസന്ധി കൊണ്ടായിരുന്നു എങ്കിൽ ജങ്കളി റമ്മി കളിച്ചാൽ പോരായിരുന്നോ…? ഒരു കോടി വരെ നേടാനുള്ള സുവർണ്ണാവസരം ആയിരുന്നല്ലോ…? കോടികൾ വാഗ്ദാനം ചെയ്തിട്ടും മദ്യത്തിന്റെ പരസ്യത്തിൽ അഭിനയിക്കില്ല രാജ്യത്തെ യുവാക്കളെ വഴി തെറ്റിക്കാൻ ഞാൻ കൂട്ട് നിൽക്കില്ല എന്ന് പറഞ്ഞ സച്ചിൻ ടെണ്ടുൽക്കൽ എന്ന മനുഷ്യനെ ആരാധനയോടെ ഓർത്തു പോകുന്നു…

shortlink

Related Articles

Post Your Comments

Related Articles


Back to top button