നെടുമങ്ങാട്: സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കൾ പിടിയിൽ. പനവൂർ വെള്ളംകുടി റോഡരികത്തു വീട്ടിൽ ഫൈസൽ (24) പനവൂർ വെള്ളംകുടി കൊച്ചാനായികോണത് വീട്ടിൽ അൽഅമീൻ (21)എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് പിടികൂടിയത്.
ഫൈസലിന്റെ വീട്ടിൽ നിന്നും നെടുമങ്ങാട് ഇൻസ്പെക്ടർ സതീഷ്കുമാർ, സബ് ഇൻസ്പെക്ടർ സൂര്യ, തിരുവനന്തപുരം റൂറൽ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ ഷിബു, എഎസ് ഐ സജു, എസ്സിപിഒ സതികുമാർ, ഉമേഷ്ബാബു എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് വിൽപ്പനയ്ക്കായി ചെറുപൊതിയാക്കുന്ന സമയത്താണ് പരിശോധന നടത്തി അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തെന്നും പൊലീസ് പറഞ്ഞു.
Read Also : ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം : രണ്ടു പേർക്ക് പരിക്ക്
രഹസ്യവിവരത്തെ തുടർന്ന്, ലഹരി വിരുദ്ധ സ്ക്വാഡ് ഒരു മാസത്തിലേറെ രഹസ്യ നിരീക്ഷണം നടത്തിയാണ് ഇവരെ പിടികൂടിയത്. സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് അവർ പറയുന്ന സ്ഥലത്തു കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments