ചണ്ഡീഗഢ്: വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഖനന മാഫിയ സംഘാംഗം ലോറി കയറ്റി കൊലപ്പെടുത്തി. ഹരിയാനയിലാണ് സംഭവം. തൗരു ഡിഎസ്പി സുരേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിയെ പോലീസ് വെടിവെച്ച് വീഴ്ത്തി.
Read Also: ശബരിനാഥൻ നിരപരാധി, വിമാനത്തിലെ അക്രമത്തിൽ ഇ.പി. ജയരാജനെ പ്രതിയാക്കും: കെ. സുധാകരൻ
ഖനന മാഫിയ അനധികൃതമായി പാറ കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നൂഹ് ജില്ലയില്‍ പരിശോധന നടത്തുകയായിരുന്നു സുരേന്ദ്ര സിംഗും ഒപ്പമുള്ള പോലീസുകാരും. ഇവരുടെ മുന്നിലേക്ക് ലോഡുമായി വന്ന ലോറിക്ക് സുരേന്ദ്ര സിംഗും സംഘവും കൈ കാണിച്ചു. പോലീസ് സംഘത്തിന് നേര്‍ക്ക് ലോറി ഓടിച്ചു കയറ്റിയ ഡ്രൈവര്‍, സുരേന്ദ്ര സിംഗിനെ ഇടിച്ചു വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കുകയായിരുന്നു.
മറ്റ് പോലീസുകാര്‍ ഓടി മാറിയതിനാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. സുരേന്ദ്ര സിംഗിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥനാണ് സുരേന്ദ്ര സിംഗ് എന്നാണ് വിവരം. സുരേന്ദ്ര സിംഗിന്റെ ജീവത്യാഗം വേദനാജനകമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആശ്രിതര്‍ക്ക് ഒരു കോടി രൂപ സാമ്പത്തിക സഹായം നല്‍കുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍, കൊലപാതകം നടത്തിയ ഡ്രൈവര്‍ ഇക്കാദിനെ കണ്ടെത്തി. വീണ്ടും പോലീസിനെ ആക്രമിച്ച് കടന്ന് കളയാന്‍ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തി.
Post Your Comments