ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലും പെരിയാറിലും ജലനിരപ്പ് ഉയരുമ്പോള്‍ അപകട സൂചന മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തനരഹിതം. ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സൂചന മുന്നറിയിപ്പ് സംവിധാനങ്ങളാണ് പണിമുടക്കിയത്. അടിയന്തര ഘട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ട ശബ്ദസംവിധാനങ്ങളും പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്.
പെരിയാർ തീരങ്ങളിലൂടെയുള്ള റോഡുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുക, എസ്റ്റേറ്റുകളിലൂടെയുള്ള ഗേറ്റുകൾ എപ്പോഴും തുറന്നിടുക, പെരിയാർ തീരങ്ങളിലെ പ്രധാന ജനവാസ കേന്ദ്രങ്ങളില്‍ കൺട്രോൾ റൂമുകൾ തുറക്കുക തുടങ്ങിയ തീരുമാനങ്ങളും ഉണ്ടായിരുന്നു. എന്നാൽ താലൂക്ക് ആസ്ഥാനത്തും, മഞ്ചുമലയിലും കൺട്രോൾ റൂമുകൾ തുറന്നതല്ലാതെ മറ്റു തീരുമാനങ്ങൾ ഒന്നും ഈ വർഷവും നടപ്പിലായില്ല.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയാകുമ്പോൾ കലക്ട്രേറ്റിൽ വിവരം നൽകുന്നതിനാണ് 2012 ല്‍ വള്ളക്കടവ്, പീരുമേട് താലൂക്ക് ഓഫിസ്, മഞ്ചുമല, ഉപ്പുതറ, അയ്യപ്പൻ കോവിൽ വില്ലേജ് ഓഫിസുകൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചത്. ഉപകരങ്ങളുടെ ഗുണനിലവാരമില്ലായ്മ മൂലം ആദ്യത്തെ ചുരുക്കം ദിവസങ്ങള്‍ക്കുള്ളിൽ തന്നെ, ഉപകരണങ്ങള്‍ നശിച്ചു.
രണ്ടു മാസം കഴിഞ്ഞപ്പോൾ കാറ്റിൽ ആന്റിനയും കോളാമ്പിയും നിലംപൊത്തി. റവന്യു ഉദ്യോഗസ്ഥർ പിന്നീടിത് ഉയർത്തി സ്ഥാപിച്ചെങ്കിലും പ്രവർത്തിപ്പിക്കാനാകില്ല. നാട്ടുകാരും, റവന്യു ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടെങ്കിലും തകരാറ് മാറ്റാനോ പുതിയത് സ്ഥാപിക്കാനോ ജില്ല ഭരണകൂടമോ സർക്കാരോ തയാറായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Post Your Comments