ഡൽഹി: ഹിന്ദുക്കള്‍ ന്യൂനപക്ഷ പദവിയുടെ ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ട സംഭവങ്ങളുണ്ടോ എന്ന് സുപ്രീം കോടതി. കേരളം ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം ആരാഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടെങ്കില്‍ വ്യക്തമായ ഉദാഹരണങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ജനസംഖ്യയില്‍ ന്യൂനപക്ഷമായ സംസ്ഥാനങ്ങളില്‍ ഹിന്ദു സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നിഷേധിച്ചതിന്റെ രേഖകളോ നിര്‍ദ്ദിഷ്ട സംഭവങ്ങളോ ചൂണ്ടിക്കാട്ടാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതിന്റെ തെളിവു തേടി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടു നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
‘അര്‍ഹതയുള്ള സാഹചര്യത്തില്‍ പദവി നിഷേധിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് അത് ചോദ്യം ചെയ്യാം. അതു സംഭവിച്ചിട്ടില്ലെങ്കില്‍ ഇങ്ങനെ ഒരു പ്രശ്‌നം ഇല്ലെന്നു മാത്രമേ കരുതാനാവൂ,’ ജസ്റ്റിസുമാരായ യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട്, സുധാന്‍ഷു ധൂലിയ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
‘ഏതെങ്കിലും പ്രത്യേക സംസ്ഥാനത്ത് ന്യൂനപക്ഷാവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന് ഞങ്ങള്‍ കാണുന്നില്ല. വിവിധ ഭാഷാ, മത വിഭാഗങ്ങള്‍ക്ക് രാജ്യത്തിന്റെ 80 ശതമാനത്തിലും ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ കഴിയും’ ജസ്റ്റിസ് ലളിത് പറഞ്ഞു.
അതേസമയം, ഹിന്ദുക്കള്‍ ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളില്‍ അവര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ലക്ഷദ്വീപ്, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍, മണിപ്പുര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജയിലാണ് ന്യൂനപക്ഷ മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Post Your Comments