മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. നിര്‍ണായകമായ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വലിയ തകര്‍ച്ച മുന്നില്‍ നില്‍ക്കെ റിഷഭ് പന്ത് (125) പുറത്താവാതെ നേടിയ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ഏകദിന ക്രിക്കറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. ഹര്‍ദ്ദിക് പാണ്ഡ്യയുടെ തകർപ്പൻ ഓൾറൗണ്ട് പ്രകടനവും (71) ഇന്ത്യൻ ജയത്തിന് നിർണായകമായി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ (60) ഇന്നിംഗ്‌സാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഹര്‍ദ്ദിക് പാണ്ഡ്യ നാല് വിക്കറ്റുമായി ബൗളര്‍മാരില്‍ തിളങ്ങി. യൂസ്‌വേന്ദ്ര ചാഹലിന് മൂന്ന് വിക്കറ്റുണ്ട്.
ഇംഗ്ലണ്ട് ഉയർത്തിയ 259 വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് ധവാനെ നഷ്ടമായി. ടോപ്ലിയുടെ പന്തില്‍ ജേസണ്‍ റോയ്ക്ക് ക്യാച്ച്. പിന്നാലെ രോഹിത്തും കൂടാരം കയറി. സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്. മോശം ഫോമിലുള്ള കോഹ്ലിയ്ക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
Read Also:- പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന്..
തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാറിനും (16) അധികം പിടിച്ചുനില്‍ക്കാനായില്ല. ക്രെയ്ഗ് ഓവര്‍ടോണിന്റെ പന്തില്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച്. പിന്നീട് പന്ത്-ഹര്‍ദ്ദിക് വേഗത്തിൽ ബാറ്റ് വീശി. ഇരുവരും 133 റണ്‍സാണ് ഇന്ത്യൻ സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. 55 പന്തില്‍ 10 ബൗണ്ടറികളുടെ സഹായത്തോടെ ഹര്‍ദ്ദിക് 71 റണ്‍സെടുത്തു. എന്നാല്‍, ബ്രൈഡണ്‍ കാര്‍സിന്റെ പന്തില്‍ ബെന്‍ സ്‌റ്റോക്‌സിന് ക്യാച്ച് നല്‍കി ഹര്‍ദ്ദിക് മടങ്ങി. 113 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ പുറത്താവാതെ 125 റൺസെടുത്ത പന്ത് വിജയം പൂര്‍ത്തിയാക്കി.
Post Your Comments