തിരുവനന്തപുരം: എൻഐആർഎഫ് റാങ്കിംഗിൽ വൻ മുന്നേറ്റമാർജ്ജിച്ച് കേരളം. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര വിഭ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റിയുഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) റാങ്കിംഗിലെ ഫലം കേരളക്കരയ്ക്കാകെ അഭിമാനം പകരുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.
ഓവറോൾ റാങ്കിംഗിൽ നമ്മുടെ മൂന്ന് സർവ്വകലാശാലകൾ ആദ്യ നൂറിൽ ഇടംപിടിച്ചു. എം.ജി സർവ്വകലാശാല 51, കേരള സർവ്വകലാശാല 52, കുസാറ്റ് 69 എന്നിങ്ങനെ റാങ്കുകൾ നേടിയാണിവർ കേരളത്തിന്റെ മികവുയർത്തിയിരിക്കുന്നത്. കോളേജുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള 17 സ്ഥാപനങ്ങൾ ആദ്യ നൂറിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
അതിൽ തന്നെ ഇരുപത്തിനാലാം റാങ്ക് കരസ്ഥമാക്കി തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ് മികച്ച പ്രകടനം കാഴ്ചവച്ചു. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് 27, സെന്റ് തെരേസാസ് കോളേജ് എറണാകുളം 37, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം 50, ഗവണ്മെന്റ് കോളേജ് ഫോർ വിമൻ തിരുവനന്തപുരം 53, മാർ അത്തനേഷ്യസ് കോളേജ് കോതമംഗലം 56, ബിഷപ്പ് മൂർ കോളേജ് മാവേലിക്കര 58, സേക്രഡ് ഹാർട്ട് കോളേജ് എറണാകുളം 59, മഹാരാജാസ് കോളേജ് എറണാകുളം 60, എസ്.ബി.കോളേജ് ചങ്ങനാശ്ശേരി 62, സെന്റ് തോമസ് കോളേജ് തൃശ്ശൂർ 63, സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി 78, സിഎംഎസ് കോളേജ് കോട്ടയം 81, ഗവൺമെന്റ് വിക്ടോറിയ കോളേജ് പാലക്കാട് 85, ബിഷപ്പ് കുരിയലച്ചേരി കോളേജ് ഫോർ വിമൺ അമലഗിരി 89, ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം 92, യൂണിയൻ ക്രിസ്ത്യൻ കോളേജ് ആലുവ 97 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു റാങ്കുകളെന്നും മന്ത്രി വിശദമാക്കി.
ഓവറോൾ, യൂണിവേഴ്സിറ്റി, കോളേജ്, റിസർച്ച് ഇൻസ്റ്റിറ്റിയുഷൻസ്, എഞ്ചിനീയറിങ്, മാനേജ്മെന്റ്, ഫാർമസി, മെഡിക്കൽ, ഡെന്റൽ, ലോ, ആർക്കിടെക്ചർ എന്നിങ്ങനെ 11 വിഭാഗങ്ങളിലാണ് എൻഐആർഎഫ് റാങ്കിംഗ്. സർവ്വകലാശാലകളുടെ മാത്രം പട്ടികയിൽ എം ജി 30, കേരള 40, കുസാറ്റ് 41, കാലിക്കറ്റ് 69 എന്നിങ്ങനെയാണ് റാങ്ക്. ആർക്കിടെക്ചർ വിഭാഗത്തിൽ തിരുവനന്തപുരം സിഇടി പതിനാലാം റാങ്ക് നേടിയെന്ന് ആർ ബിന്ദു പറഞ്ഞു.
Post Your Comments