തിരുവനന്തപുരം: കേരളത്തിൽ കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവർത്തിച്ച് വരുന്നത്.
വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനായാണ് ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചിരിക്കുന്നത്. ഇത് വഴി ഇവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുവാൻ സാധിക്കുമെന്നും വീണാ ജോർജ് അറിയിച്ചു. സംശയനിവാരണത്തിനും ഈ ഹെല്‍പ്പ് ഡെസ്‌ക് ഉപകരിക്കും. പരിശീലനം സിദ്ധിച്ച ജീവനക്കാരെയാണ് ഈ ഹെല്‍പ്പ് ഡെസ്‌കുകളില്‍ നിയോഗിക്കുന്നത്. ജില്ലകളില്‍ ഐസൊലേഷന്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.
ഇതു കൂടാതെ, എയര്‍പോര്‍ട്ടുകളില്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അനൗണ്‍സ്‌മെന്റും നടത്തുന്നതാണ്. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ പനിയോടൊപ്പം ശരീരത്തില്‍ തടുപ്പുകള്‍, അല്ലെങ്കില്‍ കുമിളകള്‍, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാന്‍ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എയര്‍പോര്‍ട്ട് ഹെല്‍പ്പ് ഡെസ്‌കിനെ സമീപിക്കണമെന്നും മന്ത്രി അറിയിച്ചു.
Post Your Comments