ന്യൂഡൽഹി: അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന പഴഞ്ചൊല്ല് ഓർമിപ്പിക്കുന്ന പ്രതികരണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നും ഉണ്ടായി. കെ.കെ രമയ്ക്കെതിരായ എം.എം മണിയുടെ അധിക്ഷേപ പരാമർശത്തെ കുറിച്ച് ഉയർത്തിയ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വിചിത്ര മറുപടി. ഒരു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട ഒരു മറുപടിയല്ല ഇതെന്ന വിമർശനവും ഉയരുന്നുണ്ട്.
ചോദ്യം: എം.എം മണിയുടെ പരാമർശം വലിയ തോതിൽ വിവാദം ആകുന്നുണ്ടല്ലോ?
മുഖ്യമന്ത്രി: നല്ല മഴ വന്നില്ലേ, ഏതായാലും ഇവിടെ വന്നപ്പോൾ… അല്ലേ?
ചോദ്യം വീണ്ടും: ആദ്യം കെ.കെ.രമയ്ക്കെതിരെയായിരുന്നു പരാമർശം…
മുഖ്യമന്ത്രി: ‘കുറേ നാളായിട്ട് മഴ ഇല്ലാത്തതിനെക്കുറിച്ച് നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ..മഴ നല്ലോണം വന്നില്ലേ?’
ഡൽഹിയിൽ സിപിഎം പൊളിറ്റ്ബ്യൂറോ യോഗ ശേഷം കേരള ഹൗസിലേക്കു പോകുമ്പോൾ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വ്യാഴാഴ്ച വൈകിട്ട് നിയമസഭയിലായിരുന്നു രമയ്ക്കെതിരെ മണിയുടെ പരാമർശം. അന്ന് അതിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. എന്നാൽ, വിഷയം വിവാദമായതിന് ശേഷം യാതൊരു നിലപാടും അദ്ദേഹം അറിയിച്ചിരുന്നില്ല.
Post Your Comments