തിരുവനന്തപുരം: ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതി വഴി കേരളം വീണ്ടെടുത്തത് 45,736 കിലോമീറ്റർ നീർച്ചാലുകൾ. 412 കിലോമീറ്റർ ദൂരം പുഴയുടെ സ്വാഭാവിക ഒഴുക്കും വീണ്ടെടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തോടുകൾ, നീർച്ചാലുകൾ തുടങ്ങിയവയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുന്നതിനായി നടപ്പാക്കിയ പ്രവർത്തനങ്ങളിലൂടെയാണ് ജലസ്രോതസ്സുകൾ വീണ്ടെടുക്കാനായത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ദൂരം നീർച്ചാലുകൾ മാലിന്യമുക്തമാക്കിയിട്ടുള്ളത്. എറണാകുളം ജില്ലയിൽ 7,101 കിലോമീറ്ററും കോട്ടയം ജില്ലയിൽ 4,148 കിലോമീറ്റർ നീർച്ചാലുമാണ് വീണ്ടെടുത്തത്.
പ്രാദേശികാടിസ്ഥാനത്തിൽ നീർച്ചാലുകൾ വീണ്ടെടുക്കുന്നതിനുള്ള പ്രത്യേക ഉദ്യമമായാണ് ‘ഇനി ഞാനൊഴുകട്ടെ’ കാമ്പയിൻ ആരംഭിച്ചത്. കാലവർഷത്തിൽ കോട്ടയം, ആലപ്പുഴ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ അതിതീവ്ര മഴ പെയ്ത സാഹചര്യത്തിൽ വെള്ളക്കെട്ടിന്റെ രൂക്ഷത കുറയ്ക്കാൻ ഇത് സഹായകമായി. വരട്ടാർ നദി പുനരുജ്ജീവനം, കാനാമ്പുഴ, കിള്ളിയാർ, ചാലംകോട് തോട്, പൂനൂർ പുഴ തുടങ്ങി മലിനമായി കിടന്ന ജല സ്രോതസ്സുകൾ ശുദ്ധീകരിച്ചു നീരൊഴുക്ക് സാധ്യമാക്കാൻ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ഏറെ ഗുണം ചെയ്തു. മീനച്ചിലാർ – മീനന്തറയാർ- കൊടൂരാർ പുനഃ സംയോജനം നടത്തിയത് വഴി 5,200 ൽ അധികം ഏക്കറിൽ കൃഷി പുനരാരംഭിക്കാനും സാധിച്ചു.
Post Your Comments