കൊച്ചി: എച്ച്‌ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ പ്രതിയായ കേസില്‍ സ്വപ്നയുടെ ഡ്രൈവര്‍ അനീഷിനെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. 2021 ജൂലൈയില്‍ നടന്ന സംഭവത്തില്‍ പതിനൊന്നാം തീയതിയാണ് അഗളി പൊലീസ് കേസെടുത്തത്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡ്രൈവർ അനീഷ്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്നും, താൻ അത് വിസമ്മതിച്ചതിനാലാണ് തന്നെ പ്രതിയാക്കിയതെന്നും അവരുടെ ഡ്രൈവര്‍ അനീഷ് സദാശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗൂഢാലോചനക്ക് വേണ്ടിയാണ് പാലക്കാട് വന്നതെന്നും ഗൂഢാലോചന നടത്തിയെന്നും പറയണമെന്നുമായിരുന്നു നിര്‍ദ്ദേശം. താൻ ഇതിന് തയ്യാറായില്ലെന്നും തുടര്‍ന്നാണ് പാലക്കാട് കേസില്‍ പ്രതിയാക്കിയതെന്നും അനീഷ് ആരോപിച്ചു. സ്വപ്നയ്ക്കൊപ്പം മാധ്യമങ്ങളെ കാണവേയാണ് ഡ്രൈവര്‍ ആരോപണം ഉന്നയിച്ചത്.
അതേസമയം, ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷും രംഗത്തെത്തി. പൊലീസിന് അനുകൂലമായി രഹസ്യ മൊഴി നല്‍കാതിരുന്ന തന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്നും വിസമ്മതിച്ചതോടെ കള്ളക്കേസില്‍ കുടുക്കിയെന്നുമാണ് ആരോപണം. ഇത് കൂടാതെ, അനീഷിനെ ആറാം പ്രതിയാക്കിയ കേസിലെ മറ്റു പ്രതികൾ സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന പാലക്കാട് എച്ച്ആർഡിഎസിലെ ഉയർന്ന ഉദ്യോഗസ്ഥരാണ്.
ഷാജ് കിരണ്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ സാക്ഷികളാക്കിയും തന്നെ സഹായിക്കുന്നവരെ പ്രതി ചേര്‍ത്തും മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് വേട്ടയാടുകയാണെന്നും സ്വപ്ന ആരോപിച്ചു. സ്വപ്നയുടെ ഡ്രൈവർ അനീഷ് പാലക്കാട്ട് ഇല്ലാതിരുന്ന സമയത്തുണ്ടായ കേസിലാണു പ്രതി ചേർത്തതെന്നു സ്വപ്ന സുരേഷ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ ആരും സുരക്ഷിതരല്ലെന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. കോടതിയെ അല്ലാതെ പൊലീസിനെയും മറ്റ് അധികാര കേന്ദ്രങ്ങളെയും വിശ്വസിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ ഏഴിനു രഹസ്യമൊഴി രേഖപ്പെടുത്തും മുൻപ് എന്താണു പറയേണ്ടതെന്നു പൊലീസ് എഴുതി നൽകിയതായി അനീഷും ആരോപിച്ചു.
Post Your Comments