ഇടുക്കി: ദേശീയ വായന മാസാചരണത്തിന്റെ ജില്ലാ സമാപനവും മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌ക്കൂളിൽ നിർവ്വഹിച്ചു. വിശാലമായ നല്ല ചിന്തകൾക്ക് വായന കൂടിയേ മതിയാകുവെന്ന് ജില്ലാ കളക്ടർ കുട്ടികളെ ഓർമ്മിപ്പിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പി.എൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ജൂൺ 19 മുതൽ ദേശിയ വായന മാസാചരണ പരിപാടികൾ ജില്ലയിൽ നടത്തിവന്നിരുന്നത്. വായനാ മാസാചരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർസെക്കണ്ടറി സ്‌കൂളിലെ തീർത്ഥ എസ്. മണ്ണാളി, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തോക്കുപാറ ഗവ: യു.പി സ്‌കൂളിലെ ജോന എം. സന്ദീപ്, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌ക്കൂളിലെ ഹൃദു പി. രാജ് തുടങ്ങിയവർ ചടങ്ങിൽ ജില്ലാ കളക്ടറിൽനിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌ക്കൂളിലെ കുട്ടികൾക്ക് കളക്ടറുമായി സംവദിക്കാൻ ചടങ്ങിൽ അവസരമൊരുക്കി. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സോജൻ പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ-ഓർഡിനേറ്റർ പ്രീത് ഭാസ്‌ക്കർ, തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌ക്കൂൾ ഹെഡ്മിസ്ട്രസ് എമിലി ജോസഫ്, അദ്ധ്യാപക പ്രതിനിധി ജോമോൾ എം.ടി തുടങ്ങിയവർ സംസാരിച്ചു.
Post Your Comments