കോഴിക്കോട് : കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടിയ ബീഹാര്‍ സ്വദേശി സഹായം തേടി പൊലീസ് സ്റ്റേഷനില്‍. ബീഹാര്‍ സ്വദേശി മുഹമ്മദ് സായിദാണ് സുഹൃത്തുക്കളോടൊപ്പം പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പര്‍ ടിക്കറ്റുമായാണ് മുഹമ്മദ് സായിദ് ഇന്ന് പുലര്‍ച്ചെ കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്. തന്നെ ആരെങ്കിലും അപായപ്പെടുത്തുമെന്ന് ഭയന്നാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ മുഹമ്മദ് അഭയം തേടിയത്.
കൊയിലാണ്ടിയിലെ കൊല്ലത്ത് നിന്നുമാണ് മുഹമ്മദ് ടിക്കറ്റെടുത്തത്. ഇന്ന് ബാങ്ക് അവധിയായതിനാല്‍ ടിക്കറ്റ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. നാളെ രാവിലെ ഒന്‍പത് മണിയ്ക്ക് എത്തി മറ്റ് നടപടികള്‍ സ്വീകരിയ്ക്കാന്‍ പൊലീസ് മുഹമ്മദ് സായിദിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നന്തി ലൈറ്റ് ഹൗസിന് സമീപമാണ് ഇയാള്‍ താമസിക്കുന്നത്. കേരളത്തില്‍ എത്തിയിട്ട് 12 വര്‍ഷമായി.
Post Your Comments