കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ നടിക്കൊപ്പം നിലകൊള്ളുന്നവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്. മാധ്യമ പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പേരുകൾ ഉൾപ്പെടുത്തിയാണ് വ്യാജ മെസേജുകൾ അയച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീൻ ഷോട്ട് റിപ്പോര്‍ട്ടര്‍ ടി.വിയാണ് പുറത്തുവിട്ടിരിക്കുന്നത്.
ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്‍, സ്മൃതി തുടങ്ങിയവരുടെ പേരിലാണ് വാട്സ്ആപ്പ് ചാറ്റുകള്‍ ഉണ്ടാക്കിയത്. ‘ദിലീപിനെ പൂട്ടണം’ എന്നു പേരിട്ടിരിക്കുന്ന ഗ്രൂപ്പ് നിര്‍മ്മിച്ചത് ആരാണെന്ന് വ്യക്തമല്ല. 2017ലാണ് ഗ്രൂപ്പ് നിര്‍മ്മിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പേരുകള്‍ മനപൂര്‍വ്വം മലയാളത്തിലാണ് സേവ് ചെയ്തിരിക്കുന്നത്. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെതിരെ അപകീർത്തി കേസ് എടുക്കണമെന്ന് സംവിധായകൻ ആലപ്പി അഷറഫ് ആവശ്യപ്പെട്ടു. ആലപ്പി അഷറഫിന്റെ പേരും ഈ ഗ്രൂപ്പിൽ ഉണ്ട്. ഇന്നലെ ആലുവ ക്രൈം ബ്രാഞ്ചിൽ നിന്നും ഇതേക്കുറിച്ച് ചോദിക്കാൻ വിളിച്ചപ്പോഴാണ് ഇങ്ങനെയൊരു സംഭവം ഉണ്ടെന്ന് തന്നെ പുറത്തറിയുന്നത്. സിനിമ രംഗത്തെ പബ്ലിക് റിലേഷൻ വർക്കേഴ്സിന്റെ പല നമ്പറുകൾ മേൽപറഞ്ഞ പേരുകൾ നൽകിയതെന്നാണ് സൂചന.
ആലപ്പി അഷറഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ദിലീപിനെ പൂട്ടണം …
ആലുവാ ക്രൈം ബ്രാഞ്ചിൽ നിന്നും എനിക്ക് വിളി വരുന്നു. അടുത്ത ദിവസം അവിടെ എത്താമോയെന്ന് …?.
Yes, 15/07/’22 കൃത്യം 11.30 ന് ക്രൈംബ്രാഞ്ച് SP മോഹനചന്ദ്രൻ സാറിൻ്റെ മുൻപിൽ ഹാജർ.
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസുമായ് ബന്ധപ്പെട്ട് , പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്നും കിട്ടിയ വിവരത്തിൻ്റെ നിജസ്ഥിതി അറിയാനായിരുന്നു എന്നെ വിളിപ്പിച്ചത്. അദ്ദേഹത്തിൻ്റെ മുൻപിലുള്ള കംപ്യൂട്ടർ സ്ക്രീനിൽ, ഒരു വാട്ട്സ്ആപ് ഗ്രൂപ്പിൻ്റെ സ്ക്രീൻ ഷോട്ട് കാട്ടിത്തരുന്നു. ആ വാട്ട്സ്ആപ്പ് ഗ്രൂപ്പിൻ്റെ പേരാണ് …
” ദിലീപിനെ പൂട്ടണം.”
നിരവധി ചാറ്റുകൾ… എല്ലാം ദിലീപിനെ കുടുക്കാനുള്ള പദ്ധതികൾ മാത്രം. ഗ്രൂപ്പംഗങ്ങളിൽ ആദ്യത്തെ പേര് കണ്ട് ഞാൻ അമ്പരന്നു . ആലപ്പി അഷറഫ്, അതായത് എൻ്റെ പേര് .ഇനിയുള്ള മറ്റ് അംഗങ്ങളെക്കുറിച്ചാണങ്കിൽ,
ആഷിക് അബു
ബൈജു കൊട്ടാരക്കര
നികേഷ്
സന്ധ്യ IPS
ലിബർട്ടി ബഷീർ
മജ്ജു വാര്യർ
പ്രമോദ് രാമൻ
വേണു
TB മിനി
സ്മൃതി ,
ഇത്രയും പേരാണ് ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ .
ഈ ഗ്രൂപ്പിൻ്റെ നാല് സ്ക്രീൻ ഷോട്ടുകളാണ് എന്നെ കാണിച്ചു തന്നത്.
ഒരു ഷോൺ ജോർജിൻ്റെ ഫോണിൽ നിന്നും , വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിൻ്റെ ഫോണിലേക്ക് വന്നതാണ് ഈ സ്ക്രീൻ ഷോട്ടുകൾ എന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ടു്.
അന്വേഷണത്തിനിടെ
പോലീസ് കസ്റ്റഡിയിലെടുത്ത അനുപിൻ്റെ ഫോണിലെ വിവരങ്ങൾ പുനർജീവിപ്പിച്ചെടുത്ത കൂട്ടത്തിൽ കിട്ടിയതാണിവ.
അതിൻ്റെ സത്യാവസ്ഥ അറിയാനാണ് എന്നെ വിളിപ്പിച്ചത്.
സന്ധ്യ മാഡത്തിൻ്റെ പേരു കൂടി ഉൾപ്പെട്ടത് കൊണ്ട് അനേഷണ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനായി.
PR വർക്കേഴ്സിൻ്റെ പല നമ്പറുകൾ… മേൽപറഞ്ഞ പേരുകളിൽ സേവ് ചെയ്താണ് ഗ്രൂപ്പിന് രൂപം നലകിയതത്രേ.
പേരുകൾ ചേർന്ന് വരുന്ന മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളെടുത്തായിരുന്നു അവരുടെ പ്രചരണം .
ഇതാണ്പോലീസിൻ്റെ പ്രാഥമിക നിഗമനം .
പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനായ് എന്തൊക്കെ കുപ്രചരണങ്ങളാണ് ഇക്കൂട്ടർ കാട്ടികൂട്ടുന്നത്.
ഞാൻ മനസാ വാചാ കർമ്മണ അറിയാത്ത സംഭവമാണന്ന് മൊഴി കൊടുത്തു … അപകീർത്തിക്ക് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടു് .
ഒടുവിൽ ഞാൻ അവരോടു പറഞ്ഞു :
സാർ , ഒരു പാവം പെൺകുട്ടിയുടെ ദീനരോധനം കേട്ടിട്ട് എനിക്കും മറ്റുള്ളവരെപോലെ മിണ്ടാതെ പോകാം…
പക്ഷേ ഒരു മുതിർന്ന ചലച്ചിത്ര പ്രവർത്തകനായ ഞാൻ അങ്ങിനെ ചെയ്താൽ,
അത് സ്ത്രീ സമൂഹത്തോടും,
വരും തലമുറയോടും ചെയ്യുന്ന ക്രൂരതയാകും.
ഞാൻ തുടർന്നു…
ഗൂഢാലോചന നടന്നിട്ടുണ്ടന്ന്
ഉറച്ച് വിശ്വസിക്കുന്നു.
അതിലെറെ ഞാൻ വിശ്വസിക്കുന്ന മറ്റൊന്ന് കൂടിയുണ്ടു് …
അതിജീവിതയ്ക്ക് നീതി ലഭിക്കില്ല… ഒരിക്കലും.
ദിലീപ് പുഷ്പം പോലെ ഊരിപോകും സാറേ…
സത്യസന്ധനായ ആ ഉദ്യോഗസ്ഥൻ തെല്ല് നിസ്സംഗതയോടെ എൻ്റെ മുഖത്തേക്ക് നോക്കി …
സ്ത്രീകളുടെ സുരക്ഷക്കായ് പൊളിച്ചെഴുതേണ്ടുന്ന ,
നമ്മുടെ സംവിധാനങ്ങളുടെ വീഴ്ചയാണ് ആ മുഖത്ത് നിഴലിച്ചത് .
എങ്കിലും പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം , നീതിദേവത കൺതുറക്കുന്ന നല്ലൊരു തീർപ്പിനായ്.
Post Your Comments