Latest NewsIndiaNews

ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ദൃഢമാകുന്നു

 

ന്യൂഡല്‍ഹി: ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആദ്യ ഐ2യു2 (I2U2) ഉച്ചകോടിക്ക് തുടക്കമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി,, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി യെയ്ര്‍ ലാപിഡ്, യുഎഇ പ്രസിഡന്റ് മൊഹമ്മദ് ബിന്‍ സയ്യിദ് അല്‍-നഹ്യാന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഈ കൂട്ടായ്മയുടെ ഭാഗമായി രാജ്യത്തലവന്‍മാര്‍ ആദ്യമായാണ് ഒത്തുചേരുന്നത്.

കഴിഞ്ഞ വര്‍ഷം വരെ വിദേശകാര്യ മന്ത്രിമാരുടെ തലത്തിലാണ് ഒത്തുചേര്‍ന്നിരുന്നത്. വെസ്റ്റ് ഏഷ്യന്‍ ക്വാഡ് എന്നറിയപ്പെടുന്ന ഈ ഉച്ചകോടിയില്‍ യുക്രൈയിനിലെ അധിനിവേശം, ഇറാന്‍ ആണവ കരാര്‍, പണപ്പെരുപ്പം, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവയെല്ലാം ചര്‍ച്ചയാവും.

ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ എന്നാണ് ഐ2യു2 കൊണ്ട് അര്‍ഥമാക്കുന്നത്. 2021ല്‍ ഈ നാല് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇസ്രയേലില്‍ ചേര്‍ന്ന ഈ യോഗത്തെ പിന്നീട് സാമ്പത്തിക സഹകരണത്തിനുള്ള അന്താരാഷ്ട്ര കൂട്ടായ്മ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

 

നാല് രാജ്യങ്ങളെയും പൊതുവായി ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ഉച്ചകോടിയുടെ പ്രധാനലക്ഷ്യം. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട കൂട്ടായ്മയായി പ്രവര്‍ത്തിക്കുക എന്നിവയും ലക്ഷ്യമിടുന്നു. പ്രധാനമായും 6 കാര്യങ്ങളിലുള്ള സഹകരണമാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാനലക്ഷ്യം. വെള്ളം, ഊര്‍ജ്ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളില്‍ സംയുക്ത നിക്ഷേപം മെച്ചപ്പെടുത്തും.

അടിസ്ഥാന വികസന മേഖലകളിലെ ആധുനികവല്‍ക്കരണം, വ്യവസായങ്ങളുടെ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തല്‍, പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, ഹരിത സാങ്കേതികവിദ്യയുടെ പ്രോത്സാഹനം എന്നിവയെല്ലാം ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button