താലി ധരിച്ചില്ലെങ്കിൽ ഭർത്താവിനോട് സ്നേഹമില്ലെന്നു നിരീക്ഷിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഭർത്താവിന് വിവാഹ മോചനം നൽകിയ സംഭവത്തിൽ പ്രതികരണവുമായി ഡോ. അനുജ ജോസഫ്. വിവാഹ മോചനത്തോടനുബന്ധിച്ചു മദ്രാസ് ഹൈക്കോടതിയുടെ ഇത്തരത്തിലുള്ള കണ്ടെത്തൽ ദയനീയം എന്നേ വിശേഷിപ്പിക്കാനാകൂവെന്നും താലിയും വിവാഹ മോതിരവും ധരിച്ചു കൊണ്ടു പങ്കാളികൾ പരസ്പരം വഞ്ചിച്ചാൽ അത് ക്രൂരതയിൽ ഉൾപ്പെടില്ലേയെന്നും അനുജ ചോദിക്കുന്നു.
കുറിപ്പ് പൂർണ്ണ രൂപം
താലി ധരിച്ചില്ലെങ്കിൽ ഭർത്താവിനോട് സ്നേഹമില്ല പോലും,പോരാത്തതിന് ക്രൂരതയും, എന്തു കണ്ടുപിടിത്തമാണോ ഇതൊക്കെ! മേൽപ്പറഞ്ഞ ‘ക്രൂരത’ തിരിച്ചറിഞ്ഞു ഭർത്താവിന് വിവാഹ മോചനം അനുവദിച്ചു കൊണ്ടു മദ്രാസ് ഹൈക്കോടതി.
അടുത്തിടെ ചെന്നൈയിലെ ദമ്പതികളുടെ വിവാഹ മോചനത്തോടനുബന്ധിച്ചു മദ്രാസ് ഹൈകോടതിയുടെ ഇത്തരത്തിലുള്ള കണ്ടെത്തൽ ദയനീയം എന്നേ വിശേഷിപ്പിക്കാനാകു.
താലി ധരിക്കുന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്‌ടങ്ങളിൽ ഒന്നാണെന്നിരിക്കെ, മേൽപ്പറഞ്ഞ കോടതി നിരീക്ഷണം അംഗീകരിക്കാൻ കഴിയുന്നില്ല. വിവാഹത്തിൽ ഭാര്യയും ഭർത്താവും സ്നേഹസമ്മാനമെന്നവണ്ണം കൈമാറുന്ന താലി, മോതിരം ഇതൊക്കെ ധരിച്ചില്ലേൽ ക്രൂരത എന്നൊക്കെ പറയുന്നത് എന്തു നിയമമാണ്?
താലിയും വിവാഹ മോതിരവും ധരിച്ചു കൊണ്ടു പങ്കാളികൾ പരസ്പരം വഞ്ചിച്ചാൽ അതു ക്രൂരതയിൽ ഉൾപ്പെടില്ലായിരിക്കും.
നമ്മുടെ നീതിന്യായപീഠം ഇത്തരത്തിൽ ഒക്കെ നീരീക്ഷണം നടത്തുമ്പോൾ,ജനങ്ങൾക്കു നീതിന്യായ വ്യവസ്ഥകളിലുള്ള വിശ്വാസം നഷ്‌ടപ്പെടുകയല്ലേ?
കേവലം ആചാരങ്ങളെ നിയമത്തിന്റെ മുഖംമൂടി കൊടുത്തു സംരക്ഷിക്കേണ്ടതുണ്ടോ?. ജീവിതാവസാനത്തോളം താലി ധരിച്ചോണ്ട് നടന്നാ മാത്രം ഭർത്താവിനോടു സ്നേഹം ഉണ്ടെന്നൊക്കെ പറഞ്ഞാ ഇച്ചിരി കഷ്‌ടമാണേ,
ഈ സ്നേഹം എന്നൊക്കെ പറയുന്നേ തങ്കത്തേക്കാൾ വിലയുള്ള ഞമ്മന്റെ ഖൽബിലാന്നെ,,,,,, അല്ല പിന്നെ.
Dr. Anuja Joseph,
Trivandrum.
Post Your Comments