കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ശ്രീലങ്കയിൽ നിന്ന് മാറ്റാനൊരുങ്ങി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. തുടർപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രീലങ്കയിൽ നിന്നും ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി മാറ്റാനൊരുങ്ങുന്നത്. പകരം വേദിയായി ബംഗ്ലാദേശിനെയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പരിഗണിച്ചിരിക്കുന്നത്.
അടുത്ത മാസം 27ന് ടൂർണമെന്‍റ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ശ്രീലങ്കയിൽ ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭം എന്ന് അവസാനിക്കുമെന്ന് യാതൊരു ധാരണയുമില്ല. ഈ സാഹചര്യത്തിലാണ് ഏഷ്യാ കപ്പ് വേദി മാറ്റുന്നതിനെക്കുറിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആലോചിക്കുന്നത്. ടൂർണമെന്‍റ് നടത്താൻ ഒരുങ്ങിയിരിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സൂചനയും നൽകിയിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എടുത്തേക്കും. വിഷയത്തിൽ തൽക്കാലം കൂടുതൽ പ്രതികരണത്തിനില്ലെന്നാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പ്രതികരിച്ചത്. ഇപ്പോഴത്തെ നീക്കങ്ങൾ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടിയാകും.
Read Also:- പുകവലി ഉപേക്ഷിക്കാൻ ചില എളുപ്പ വഴികള്‍ ഇതാ!
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി മാറ്റിയാൽ കോടികളുടെ നഷ്ടം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനുണ്ടാകും. അടുത്തിടെ ഓസ്ട്രേലിയൻ ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയിരുന്നു. യാതൊരു പ്രശ്നങ്ങളുമില്ലാതെയാണ് പരമ്പര അവസാനിച്ചത്. അതുപോലെ തന്നെ ഏഷ്യാ കപ്പും നടത്താനാകുമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഈ ഘട്ടത്തിലും പ്രതീക്ഷ പങ്കുവെക്കുന്നത്.
Post Your Comments