തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് പൊലീസ്. ഇടനിലക്കാർക്കൊപ്പം അറസ്റ്റിലായ താൽക്കാലിക ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. താൽക്കാലിക ജീവനക്കാർ ബന്ധു നിയമനം നേടിയവരാണ്. 220 ലേറെ അനധികൃത കെട്ടിടങ്ങൾക്ക് വ്യാജ നമ്പർ ലഭിച്ചിട്ടുണ്ടെന്ന് കോർപ്പറേഷന്റെ അന്വേഷണത്തിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ കേസെടുത്ത് പത്താം ദിവസമാണ് നാലുപേരെ അറസ്റ്റുചെയ്തത്. രണ്ടു സോണൽ ഓഫീസുകളിൽ പ്രവർത്തിച്ചിരുന്ന രണ്ടു താൽക്കാലിക ജീവനകാർ മാത്രം വിചാരിച്ചാൽ തട്ടിപ്പ് നടത്താനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീങ്ങും. ഒന്നേകാൽ ലക്ഷം രൂപ നൽകി വ്യാജ കെട്ടിട നമ്പർ നേടിയെടുത്ത പട്ടം മരപ്പാലം സ്വദേശി അജയ്ഘോഷിനെയും കേസിൽ പ്രതിചേർക്കും.
നേരത്തെ അറസ്റ്റിലായ ബീനാകുമാരിയും സന്ധ്യയും ബന്ധു നിയമനം നേടിയവരാണ്. ഇരുവരുടെയും ഭർത്താക്കന്മാർ കോർപ്പറേഷനിലെ ജീവനക്കാരുമാണ്. കഴിഞ്ഞ മാസങ്ങളിൽ മാത്രം 220 ലേറെ കെട്ടിടങ്ങൾക്ക് വ്യാജ നമ്പർ ലഭിച്ചിട്ടുണ്ടെന്ന് കോർപ്പറേഷനിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞു. ഇതിലേക്കും അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. സമാനമായി ആലപ്പുഴയിലും അനധികൃത കെട്ടിടങ്ങൾക്ക് വ്യാജ കെട്ടിട നമ്പർ നൽകിയ കേസ് നടക്കുകയാണ്.
Post Your Comments