മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിലേറിയതിനു പിന്നാലെ പെട്രോൾ-ഡീസൽ വില കുറച്ചു ഷിൻഡെ സർക്കാർ. പെട്രോളിന് അഞ്ച് രൂപയും, ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ധന നിരക്ക് കുറയ്ക്കുമെന്ന് ഏകനാഥ് ഷിൻഡെ സർക്കാർ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.
നേരത്തെ മെയ് മാസത്തിലും മഹാരാഷ്ട്ര സർക്കാർ പെട്രോളിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും വാറ്റ് കുറച്ചിരുന്നു. വാറ്റ് വരുമാനത്തിന്റെ കാര്യത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 2021-22ൽ സംസ്ഥാന സർക്കാർ വാറ്റ് വഴി 34,002 കോടി രൂപ നേടി.
തൊട്ടുപിന്നിലുള്ള ഉത്തർപ്രദേശിന്റെ വരുമാനം 26,333 കോടി രൂപ. മുംബൈയിൽ പെട്രോൾ ലിറ്ററിന് 111 രൂപ 35 പൈസയും, ഡീസലിന് 97 രൂപ 28 പൈസയുമാണ് നിലവിലെ വില. പുതിയ കിഴിവ് വരുന്നതോടെ പെട്രോൾ ലിറ്ററിന് 106.35 രൂപയ്ക്കും ഡീസൽ 94.28 രൂപയ്ക്കും ലഭിക്കും.
Post Your Comments