KeralaLatest NewsNews

രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ പേരക്ക

 

നമ്മുടെ പറമ്പുകളില്‍ ധാരാളം കാണുന്ന പഴവർഗ്ഗമാണ് പേരക്ക. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരയ്ക്കയിലുണ്ട്. വൈറ്റമിന്‍ ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പോട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കാന്‍ പേരയ്ക്കക്കു സാധിക്കും.

പേരക്കയിൽ അടങ്ങിയ വിറ്റാമിൻ സി അല്ലെങ്കിൽ അസ്കോർബിക് ആസിഡ് ശരീരകോശങ്ങളുടെ വികാസത്തിനും നന്നാക്കലിനും ആരോഗ്യമുള്ള ചർമ്മം നിലനിർത്താനും മുറിവുണങ്ങാനും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പേരയ്ക്ക കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ഉയർന്ന അളവിൽ പൊട്ടാസ്യവും കൂടാതെ ലയിക്കുന്ന നാരുകളും ലഭിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം. കൂടാതെ ആന്റി ഒക്സിഡന്റുകളായി പ്രവർത്തിക്കുന്ന ടാന്നിൻസ്‌, എൻസൈമുകൾ, ഫ്ലെവനോയ്ഡുകൾ തുടങ്ങിയ ഫൈറ്റോകെമിക്കലുകൾ പേരയിലയുടെ സത്തിൽ അടങ്ങിയതിനാൽ ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ലിപിഡ് പ്രൊഫൈലുകൾ മെച്ചപ്പെടുത്താനും സഹായകമായിരിക്കും.

ആർത്തവം അടുക്കുമ്പോഴും ആ ദിനങ്ങളിലെല്ലാം മിക്ക സ്ത്രീകളും കഠിനമായ വേദനയിലൂടെ കടന്നു പോകുന്നു. പലപ്പോഴും ഇത്തരം വേദന ലഘൂകരിക്കാനായി മരുന്നുകൾ ഉപയോഗിക്കുകയാണ് പലരും ചെയ്യാറ്. പ്രതിദിനം 6 മില്ലിഗ്രാം പേരയ്ക്ക ഫോളിയം സത്ത് കഴിക്കുന്നത് ആർത്തവ വേദന ഗണ്യമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മരുന്നുകടകളിൽ നിന്നും ലഭിക്കുന്ന വേദനസംഹാരികളുമായി താരതമ്യപ്പെടുത്തുമ്പോൾ ആർത്തവവേദന കുറയ്ക്കാൻ പേരയ്ക്ക ഇലയുടെ സത്ത് ഫലപ്രദമാണെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

പേരയുടെ ഏറ്റവും പരമ്പരാഗതമായ ഉപയോഗങ്ങളിൽ ഒന്നാണ് മുറിവുകൾ ഉണക്കാനുള്ള മരുന്നായി ഉപയോഗിക്കുന്നത്. പേരക്കയുടെ ഇലകൾ തിളപ്പിക്കുകയോ അല്ലെങ്കിൽ ചതയ്ക്കുകയോ ചെയ്തു ഉപയോഗിക്കുന്നത് മുറിവിലെ അണുബാധ തടയാൻ ആന്റി സെപ്റ്റിക് ആയി പ്രവർത്തിക്കുന്നു. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ പേരയുടെ ഇലകളുടെ സത്ത് മുറിവുകൾ, പൊള്ളൽ, മൃദുവായ ടിഷ്യു അണുബാധകൾ എന്നിവയ്ക്കെതിരായി പ്രവർത്തിക്കുവാൻ ഫലപ്രദമാണെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button