തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസ്ഥാന നിയമസഭാ സാമാജികർക്കായി പ്രഭാഷണം സംഘടിപ്പിച്ചു. കേരള ലെജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസും (കെ-ലാംപ്സ്) യുനിസെഫും സംയുക്തമായി സംഘടിപ്പിച്ച പരിപാടി നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പുനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്ററോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ പ്രഭാഷണം നടത്തി. കാലാവസ്ഥാ വ്യതിനായത്തെ നേരിടാൻ കേരളം മുന്നോട്ടുവയ്ക്കുന്ന നടപടികൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതാപനത്തിന്റെ പ്രതിഫലനം വലിയ തോതിൽ കേരളത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്ര നിരപ്പിൽ ഓരോ വർഷവും മൂന്നു മില്ലീമീറ്ററിന്റെ വർദ്ധനവാണുണ്ടാകുന്നത്. ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർദ്ധനവുണ്ടാകുന്നെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇവയുടെ ദൈർഘ്യത്തിലും വലിയ വർദ്ധനവുണ്ടാകുന്നു. മത്സ്യസമ്പത്തിന്റെ കുറവും ശുദ്ധജല ദൗർലഭ്യവും കാലാവസ്ഥാ മാറ്റത്തിന്റെ പരിണിതഫലങ്ങളാണ്. അതിതീവ്രമഴയും ഉരുൾപൊട്ടലുകളും ഇതുമൂലം വർധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള താപനത്തിൽ ഒരു ഡിഗ്രിയിൽ വന്ന വർദ്ധനവിന്റെ പരിണിതഫലമാണ് ഇത്. ഇത് വീണ്ടും വർധിക്കുമ്പോഴുണ്ടാകുന്ന ആഘാതവും വലുതായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പ്രാദേശിക ഇടപെടലാണു വേണ്ടതെന്നും ഇക്കാര്യത്തിൽ ദീർഘകാല നയരൂപീകരണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയിലെ കെ. ശങ്കരനാരായണൻ മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ 2021ലെ നിയമസഭാ മാദ്ധ്യമ പുരസ്‌കാരങ്ങൾ സ്പീക്കർ എം.ബി. രാജേഷ് വിതരണം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, യുനിസെഫ് ചെന്നൈ സോഷ്യൽ പോളിസി മേധാവി കെ.എൽ. റാവു, നിയമസഭാ സെക്രട്ടറി ഇൻ-ചാർജ് കവിത ഉണ്ണിത്താൻ, കെ-ലാംപ്സ് ഡയറക്ടർ ജി.പി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read Also: മലപ്പുറത്ത് 16 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം
Post Your Comments