ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്. കോണ്‍ഗ്രസിന്റെ നിർണ്ണായക യോഗം വിളിച്ചിരിക്കെയാണ് രാഹുലിന്റെ വിദേശയാത്ര. വ്യാഴാഴ്ച നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ രാഹുല്‍ പങ്കെടുക്കില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഞായറാഴ്ച തിരിച്ച് ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. യൂറോപ്പിലേക്കാണ് രാഹുല്‍ പോയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യക്തിപരമായ യാത്രയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജൂലായ് 18ന് പാർലമെന്റ് വർഷകാല സമ്മേളനവും രാഷ്‌ട്രപതി തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് രാഹുലിന്റെ വിദേശ സന്ദർശനം. കോണ്‍ഗ്രസ് നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് പോയ രാഹുൽ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ചയോടെ മടങ്ങിയെത്തുമെന്നാണ് വിവരം.
കോണ്‍ഗ്രസ് വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ രാഹുല്‍ വ്യക്തിപരമായ ആവശ്യത്തിന് യൂറോപ്പിലേക്ക് പോകുന്നത് മുമ്പും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നേരത്തെ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാണ് ദേശീയ തലത്തില്‍ നേരിടുന്നത്.
ഏറ്റവും ഒടുവില്‍ ഗോവയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിക്കൊപ്പം പോകുമെന്ന അഭ്യൂഹം ശക്തമാണ്. വ്യാഴാഴ്ച രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം ഹൈക്കമാന്റ് വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് രാഹുലിന്റെ വിദേശ യാത്ര വിമര്‍ശനം നേരിടുന്നത്.
Post Your Comments