ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിര്‍ണായ തീരുമാനവുമായി വിമത നീക്കത്തിലൂടെ പ്രതിസന്ധിയിലായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന. വേറെ വഴിയില്ലാതെ, എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാനാണ് ശിവസേനയുടെ തീരുമാനം. ഭൂരിപക്ഷം അംഗങ്ങളും മുർമുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഉദ്ധവിന് വേറെ നിവൃത്തിയില്ലായിരുന്നു. ഇപ്പോഴും മഹാ വികാസ് അഘാടി സഖ്യമായിരുന്നു മഹാരാഷ്ട്രയിൽ എങ്കിൽ ശിവസേന ഉറപ്പായും യശ്വന്ത് സിൻഹയെ തന്നെ പിന്തുണച്ചേനെ.
എന്നാൽ സ്ഥിതിഗതികൾ മാറി. ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ശിവസേന എംപിമാര്‍ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് തീരുമാനമെടുത്തിരിക്കുന്നത്. ശിവസേനയുടെ ആകെയുള്ള 22 എംപിമാരില്‍ 16 പേരാണ് ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സേനയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരേയും അടര്‍ത്തി കൊണ്ട് ബിജെപിക്കൊപ്പം ചേര്‍ന്ന് ഏക്‌നാഥ് ഷിന്ദേ നടത്തിയ അട്ടിമറിയില്‍ ഉദ്ധവ് താക്കറെയ്ക്ക് അധികാരം നഷ്ടമായിരുന്നു.
പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം കഴിഞ്ഞ ദിവസം സേന എംപിമാരുടെ നിര്‍ണായക യോഗം നടന്നിരുന്നു. 19 ലോക്‌സഭാ അംഗങ്ങളും മൂന്ന് രാജ്യസഭാ അംഗങ്ങളും അടക്കം 22 എംപിമാരാണ് ശിവസേനക്കുള്ളത്. ഇതില്‍ ആറു പേര്‍ ഷിന്ദേ പക്ഷത്തോടൊപ്പമാണ്. ഇവര്‍ നേരത്തെ തന്നെ ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ധവ് വിളിച്ച യോഗത്തില്‍ പങ്കെടുത്ത ശേഷിക്കുന്ന 16 എംപിമാരും മുര്‍മുവിനെ പിന്തുണയ്ക്കാനാണ് ആവശ്യപ്പെട്ടത്.
Post Your Comments