
ന്യൂഡല്‍ഹി: ഉമേഷ് കോല്‍ഹേയുടെ കൊലപാതകം സംബന്ധിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ മൗലികവാദികള്‍ കരുതിക്കൂട്ടി ഗൂഢാലോചന നടത്തിയിരുന്നുവെന്ന് എന്‍ഐഎ വെളിപ്പെടുത്തി. ‘രാജ്യത്തെ ജനങ്ങളുടെ മനസില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുക എന്നതായിരുന്നു കൊലയാളികളുടെ ലക്ഷ്യം. മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കി വര്‍ഗീയ വിഭജനം സൃഷ്ടിക്കാനും അക്രമികള്‍ ശ്രമിച്ചു’, എന്‍ഐഎ എഫ്‌ഐആറില്‍ വ്യക്തമാക്കി.
‘രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടു. ഇതിനായി പ്രതികള്‍ക്ക് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചിരിക്കാം. കൃത്യത്തിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുടെ സാദ്ധ്യത സംശയിക്കുന്നു’, എന്‍ഐഎ വ്യക്തമാക്കി.
നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ജൂണ്‍ 21ന് രാത്രിയിലാണ് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമേഷ് കോല്‍ഹേ എന്ന 54 വയസ്സുകാരനായ ഔഷധ വ്യാപാരിയെ മതമൗലികവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ജൂലൈ 2ന് എന്‍ഐഎ കേസ് ഏറ്റെടുത്തു.
കേസില്‍ പ്രതികളായ മുദാസിര്‍ അഹമ്മദ്, ഷാരൂഖ് പഠാന്‍, അബ്ദുള്‍ തൗഫീക്, ഷോയിബ് ഖാന്‍, അതീബ് റഷീദ്, യൂസഫ് ഖാന്‍ ബഹദൂര്‍ ഖാന്‍, ഷാഹിം അഹമ്മദ് ഫിറോസ് അഹമ്മദ് എന്നിവരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments