വയനാട്: കേരള നോളേജ് ഇക്കോണമി മിഷൻ ആരംഭിച്ച എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന പരിശീലനപരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ ഗ്രീൻ ഗേറ്റ്‌സ് ഹോട്ടലിൽ കേരള നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല നിർവഹിച്ചു. കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ കെ.എഫ് വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.
കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുത്ത ബ്ലോക്ക് തല പരിശീലകർക്ക് നോളേജ് മിഷന്റെ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സി. മധുസൂദനൻ, നോളേജ് മിഷൻ പ്രോഗ്രാം മാനേജർമാരായ സിബി അക്ബർ അലി, സി. അനീഷ് എന്നിവർ ക്ലാസ്സുകളെടുത്തു.
2026 നുള്ളിൽ 20 ലക്ഷം പേർക്ക് വിജ്ഞാനമേഖലയിൽ തൊഴിൽ നൽകുക എന്ന സർക്കാരിന്റെ ലക്ഷ്യം സാധ്യമാക്കാൻ നോളേജ് ഇക്കോണമി മിഷൻ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ 53 ലക്ഷം തൊഴിൽ അന്വേഷകരെ കണ്ടെത്തിയിരുന്നു. ഇവരിൽ നിന്ന് 21 നും 40 നും ഇടയിൽ പ്രായമുള്ളവരെ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുകയാണ് രണ്ടാം ഘട്ട പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുത്തവർക്ക് നോളേജ് മിഷൻ ജില്ലാതല പരിശീലനം നൽകും. പരിശീലനം ലഭിച്ചവർ ബ്ലോക്ക് തല പരിശീലനത്തിനു നേതൃത്വം നൽകും. ജൂലൈ 18 മുതൽ രജിസ്‌ട്രേഷൻ നടക്കും. 35 കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.
Post Your Comments