പാലക്കാട്: പാലക്കാട് പീഡനത്തിനിരയായ പതിനൊന്നു വയസുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് മുത്തശ്ശിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതിയെയും പ്രതിയെ സഹായിച്ച കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് പിടികൂടി. എന്നാൽ, കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഇന്നലെ ഉച്ചയ്ക്കുശേഷം പ്രതിയായ ചെറിയച്ഛനും പ്രതിയുടെ പക്ഷം നിൽക്കുന്ന കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും മുത്തശ്ശിയുടെ വീട്ടിലെത്തി പെൺകുട്ടിയെ കൊണ്ടുപോയെന്ന് മുത്തശ്ശി നൽകിയ പരാതിയിൽ പറയുന്നു. നേരത്തെ റിമാന്‍ഡിലായിരുന്ന ചെറിയച്ഛൻ ഇപ്പോൾ ജാമ്യത്തിലാണ്. കേസിലെ വിചാരണയ്ക്ക് മുമ്പായി പ്രതികൾ കുട്ടിയെ സ്വധീനിക്കാനുള്ള ശ്രമത്തിലാവാമെന്നാണ് പോലീസിന്റെ നിഗമനം.
ഈ മാസം 16ന് കേസിന്‍റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് പീഡനത്തിരയായ പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. കേസിനെ തുടർന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാൻ താല്‍പര്യമില്ലെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് പെൺകുട്ടിയെ മുത്തശ്ശിയുടെ കൂടെ വിട്ടത്.
Post Your Comments