കോട്ടയം : കോട്ടയം ജയിലില്‍ നിന്നും കഴിഞ്ഞ ദിവസം കൊലക്കേസ് പ്രതി ചാടിപ്പോയതിന് പിന്നിലെ കാരണം പുറത്ത്. മക്കളെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് താന്‍ ജയില്‍ ചാടിയത് എന്ന് ബിനുമോന്‍ പോലീസിനോട് പറഞ്ഞു.
ബിനുമോന് പത്താം ക്ലാസില്‍ പഠിക്കുന്ന മകനും ഏഴാം ക്ലാസില്‍ പഠിക്കുന്ന മകളുമുണ്ട്. വെള്ളിയാഴ്ച ജയിലില്‍ നിന്ന് മക്കളെ വിളിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ഈ വിഷമത്തിലാണ് ജയില്‍ചാടിയത്. എന്നാല്‍, വീടിനടുത്ത് വരെ എത്തിയെങ്കിലും മക്കളെ കാണാനായില്ല. അതിന് മുന്‍പ് തന്നെ വീടിന് സമീപത്ത് പതിയിരുന്ന പോലീസ് ബിനുമോനെ പിടികൂടുകയായിരുന്നു.
Read Also: ഒമാനിൽ കടലിൽ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി
ശനിയാഴ്ച പുലര്‍ച്ചെ ജയില്‍ ചാടിയ ബിനുമോനെ രാത്രി പത്ത് മണിയോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഷാന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, പോലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ട കേസിലെ അഞ്ചാം പ്രതിയാണ് ബിനുമോന്‍. ബിനുമോന്റെ ഓട്ടോറിക്ഷയിലാണ് ഷാനെ തട്ടിക്കൊണ്ട് പോയത് എന്നായിരുന്നു പോലീസ് കണ്ടെത്തല്‍. എന്നാല്‍, ഷാന്‍ വധക്കേസില്‍ താന്‍ പെട്ടുപോയതാണെന്നും ഷാനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ താന്‍ ഇല്ലായിരുന്നെന്നും ബിനുമോന്‍ സഹതടവുകാരോട് പറഞ്ഞിരുന്നു. കേസ് നടത്താന്‍ പണം ചെലവായതോടെ കുടുംബത്തെ സഹായിക്കാന്‍ ജയിലില്‍ ജോലി വേണമെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ജയിലില്‍ ശാന്തശീലനായിരുന്നു ഇയാള്‍. ഇതോടെ ഇയാളെ പോലീസ് വിശ്വസിച്ച് അടുക്കള ജോലിക്ക് നിയോഗിച്ചു.
എന്നാല്‍ ജയില്‍ ചാടിയതോടെ പ്രതിയ്ക്ക് ഇനിയൊരു പരിഗണനയും വേണ്ടെന്ന നിലപാടിലാണ് പോലീസ്. ബിനുമോനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.
Post Your Comments