വെഞ്ഞാറമൂട്: തിരുവനന്തപുരത്ത് വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂര മർദ്ദനം. എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വച്ച് ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. ഇതുകണ്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായ സഹപാഠിയായ വിദ്യാർത്ഥിനിയുടെ രക്ഷകർത്താക്കൾ നൽകിയ പരാതിയിൽ അദ്ധ്യാപകനെതിരെ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.
സ്കൂളിലെ താത്കാലിക അദ്ധ്യാപകനെതിരെയാണ് പോലീസ് കേസെടുത്തത്. ക്ലാസ് മുറിയിൽ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് അദ്ധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതെന്നു പരാതിയിൽ പറയുന്നു. ഇതു കണ്ടാണ് സഹപാഠിക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് ഈ കുട്ടി വീട്ടിൽ വിവരം പറയുകയും കുട്ടിയുടെ രക്ഷകർത്താക്കൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പ്രതി കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നത് പതിവാണെന്നും ക്ലാസ് മുറിയുടെ വാതിൽ ചാരിയാണ് മർദ്ദിക്കാറുള്ളതെന്നും കുട്ടികൾ പറഞ്ഞതായി രക്ഷകർത്താക്കൾ പറയുന്നു. സംഭവത്തെ കുറിച്ച് ക്ലാസ് ടീച്ചറെ വിളിച്ചു വിവരം അറിയിച്ചപ്പോൾ ക്ലാസ് ടീച്ചർ ആശ്വാസകരമായ മറുപടിയല്ല നൽകിയതെന്നും തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്നുമാണ് രക്ഷകർത്താക്കൾ പറയുന്നത്.
അതേസമയം, മർദ്ദനമേറ്റ കുട്ടിയുടെ രക്ഷകർത്താക്കളിൽ നിന്നും ഇതുവരെയും പരാതികൾ ലഭിച്ചിട്ടിലല്ലെന്നും കണ്ടുനിന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ കുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയുടെ അടി സ്ഥാനത്തിലാണ് അദ്ധ്യാപകനെതിരെ കേസെടുത്തിട്ടുള്ളതെന്നും വെഞ്ഞാറമൂട് സി.ഐ സൈജു നാഥ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments