തിരുവനന്തപുരം: സജി ചെറിയാന്‍റെ രാജി മാതൃകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് രാജിയെന്നും സജി ചെറിയാന്‍റെ രാജി സന്ദർഭോചിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.
‘സജി ചെറിയാന്‍ രാജി വെച്ചതോടെ പ്രശ്നങ്ങൾ അപ്രസക്തമായി. തെറ്റ് പറ്റിയത് സജി ചെറിയാന്‍ തന്നെ അംഗീകരിച്ചു. ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സി.പി.എം. ഭരണഘടനാ തത്വമനുസരിച്ചാണ് പാർട്ടി പ്രവർത്തിക്കുന്നത്. പുതിയ മന്ത്രിയുടെ കാര്യം ഇപ്പോൾ ചർച്ച ചെയ്തിട്ടില്ല. വകുപ്പുകൾ വിഭജിക്കേണ്ടത് മുഖ്യമന്ത്രിയാണ്,’ കോടിയേരി വ്യക്തമാക്കി.
നിലവിൽ, സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം, സിനിമ എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് സജി ചെറിയാന് അനുകൂല നിലപാട് ഉണ്ടായാല്‍, മന്ത്രിസഭയിലേക്ക് തിരിച്ച് വരാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം, നിയമപരമായി തിരിച്ചടി നേരിട്ടാല്‍ സംസ്ഥാന സമിതി യോഗം ചേരുന്നതിന് ശേഷം, പുതിയ മന്ത്രിയെ കുറിച്ച് ആലോചിക്കും.
അതേസമയം, സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിലെ ധാരണ. വിഷത്തിൽ കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അപ്പോള്‍ രാജിയെ കുറിച്ച് ആലോചിക്കാമെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ നിലപാട്.
Post Your Comments