താനെ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ഓട്ടോക്കാരൻ എന്ന് പരിഹസിച്ച ഉദ്ധവ് താക്കറെക്കെതിരെ വൻ പ്രകടനവുമായി താനെയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ. മുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് കനത്ത മഴയെ അവഗണിച്ച് ആയിരക്കണക്കിന് ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് തെരുവിലിറങ്ങിയത്. ‘ഓട്ടോ ഓടിച്ച ആളാണ് ഇന്ന് മഹാരാഷ്‌ട്ര ഭരിക്കുന്നത്. അയാൾ എന്നെ പിന്നിൽ നിന്നും കുത്തിയതാണ്‘. ഇതായിരുന്നു ഷിൻഡെയ്‌ക്കെതിരായ ഉദ്ധവിന്റെ പരാമർശം.
മെഴ്സിഡസുകളെ പോലും പിന്നിലാക്കിയ ഓട്ടോറിക്ഷകൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട് എന്ന് ഷിൻഡെയും തിരിച്ചടിച്ചിരുന്നു. രാഷ്‌ട്രീയ രംഗത്തേക്ക് കടന്നു വരുന്നതിന് മുൻപ് താനെയിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ഏകനാഥ് ഷിൻഡെ. ഉദ്ധവിന്റെ പരാമർശം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഓട്ടോറിക്ഷയുടെ ചിത്രം പതിപ്പിച്ച ടീഷർട്ടുകൾ അണിഞ്ഞ് എത്തിയ തൊഴിലാളികൾ, താനെ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്തിന് മുന്നിൽ അണിനിരന്നു.
ഏകനാഥ് ഷിൻഡെയുടെയും ബാൽ താക്കറെയുടെയും ചിത്രങ്ങൾ ഓട്ടോറിക്ഷകളിൽ പതിച്ചിരുന്നു. ശിവസേനയിലെ ഭൂരിപക്ഷം നേതാക്കളും അനുയായികളും ഇപ്പോൾ ഷിൻഡെയ്ക്കൊപ്പം ആണ്. ഉദ്ധവിനൊപ്പം സഞ്ജയ് റാവത്ത് മാത്രമാണ് ഉള്ളത്.
Post Your Comments