ചെന്നൈ: മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എമാർ യോദ്ധാവിന്റെ പക്ഷത്തു നിന്നും മാറി ബിജെപിയെ കൂട്ടി അധികാരം പിടിച്ചത് തമിഴ്നാട്ടില്‍ സ്റ്റാലിനുള്ള മുന്നറിയിപ്പാണെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. തമിഴ് രാഷ്ട്രീയത്തില്‍ ഒരു ഏകനാഥ് ഷിന്‍ഡെ ഉയര്‍ന്ന് വന്നേക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഉദ്ധവ് താക്കറെയുടെ മകന് ആദിത്യ താക്കറെയ്ക്ക് രാഷ്ട്രീയ മോഹങ്ങളുണ്ട്, അതുപോലെ തന്നെയാണ് സ്റ്റാലിന്റെ മകന് ഉദയനിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരുവരും പാര്‍ട്ടികളിലെ യുവജന സംഘടനയുടെ നേതാക്കളാണ്. രാജവാഴ്ചയാണ് ഇരുസംസ്ഥാനങ്ങളിലേയും ജനങ്ങള്‍ കണ്ടത്. മഹാരാഷ്ട്രയില്‍ അതിന് അവസാനമായി. സമാനമായി തമിഴ്നാട് മന്ത്രിസഭയില്‍ ഒരു അഴിച്ചുപണിക്ക് സമയമടുത്തിരിക്കുകയാണ്. ഇവിടെ ഒരു ഏകനാഥ് ഷിന്‍ഡെ ഉയര്‍ന്നുവരിക തന്നെ ചെയ്യുമെന്നും അണ്ണാമലൈ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അണ്ണാമലൈ. ഡിഎംകെയും കോണ്‍ഗ്രസും കൈകോര്‍ത്തത് പോലെ രണ്ടര വര്‍ഷം മുമ്പ് മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു സഖ്യമുണ്ടാക്കി.
ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും മഹാരാഷ്ട്രയില്‍ കൈകോര്‍ത്തു. 105 എംഎല്‍എമാരുള്ള ബിജെപിയെ പിന്നോട്ട് തള്ളി 57 എംഎല്‍എമാരുള്ള ശിവസേന നേതൃത്വം നല്കിയ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് തന്നാലാവുന്ന വിധം ബിജെപി അനുഭാവികളെ പീഡിപ്പിച്ചുവെന്നും അണ്ണാമലൈ പറഞ്ഞു. ഒടുവിൽ സർക്കാർ ശരദ് പവാറിന്റെ പിടിയിലായി. ഉദ്ധവ് താക്കറെയെ കാണാൻ സ്വന്തം അനുയായികളെ പോലും അനുവദിച്ചില്ല.
ഇതിന് ശേഷമാണ് ഏകനാഥ് ഷിന്‍ഡെ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുമായി മഹാ വികാസ് അഘാടി സഖ്യത്തില്‍ നിന്ന് പുറത്തിറങ്ങിയത്. സംഭവിക്കേണ്ട സമയമാകുമ്പോള്‍ അത് സംഭവിക്കുക തന്നെ ചെയ്യുമെന്ന് ഇത് സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയില്‍ അതിനായി രണ്ടര വര്‍ഷം സമയമെടുത്തു. തമിഴ്നാട്ടില്‍ അത് എപ്പോള്‍ സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments