കോഴിക്കോട്: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ എം.പി. രംഗത്ത്. എതിരഭിപ്രായം പറയുന്നവരെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭീകരവാദികളായി മുദ്രകുത്തി ജയിലിലടക്കുകയാണെന്ന് ശശി തരൂർ ആരോപിച്ചു.
വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്കെതിരെ മൃഗീയ ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകൂടവേട്ടക്കെതിരെ മുസ്ലീം യൂത്ത് ലീഗ് മുതലക്കുളം മൈതാനിയിൽ നടത്തിയ പ്രതിഷേധറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് തരൂർ ഇക്കാര്യം പറഞ്ഞത്.
‘കേന്ദ്രസർക്കാർ, വാർത്തകളുടെ സത്യം തേടി പുറപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.എ.പി.എ ചുമത്തി ജയിലിലടച്ചു. ഈ നിയമം പാസാക്കിയതും നടപ്പാക്കിയതും തെറ്റുതന്നെയാണ്. നിരവധി പേരെ കരിനിയമങ്ങളിലൂടെ ജയിലിലടക്കുന്നു. ഒടുവിൽ കോടതി അവർ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിടുന്നു. പക്ഷേ, അപ്പോഴേക്കും ആ മനുഷ്യന്റെ ജീവിതത്തിന്റെ നല്ലകാലം ജയിലിൽ തീർന്നുപോകും,’ ശശി തരൂർ വ്യക്തമാക്കി.
Post Your Comments