KeralaLatest NewsNews

വിള ഇൻഷൂറൻസ് പദ്ധതി വാഹന പ്രചാരണം ഫ്ലാഗ് ഓഫ് ചെയ്തു

 

വയനാട്: ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി വിള ഇൻഷൂറൻസ് പദ്ധതിയുടെ പ്രചരണാർത്ഥം ജില്ലയിൽ വാഹന പ്രചാരണം ആരംഭിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽനിന്നും ആരംഭിച്ച വാഹന പ്രചാരണം ജില്ലാ കളക്ടർ എ. ഗീത ഫ്ളാഗ് ഓഫ് ചെയ്തു. സെൻട്രൽ വിള ഇൻഷൂറൻസ് പദ്ധതികളായ പ്രധാനമന്ത്രി ഫസൽ ഭീമ യോജന, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതി എന്നിവയിൽ പരമാവധി കർഷകരെ ഉൾപ്പെടുത്തുന്നതിനായി പഞ്ചായത്തുതലത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. ജൂലൈ 31 വരെയാണ് രണ്ട് പദ്ധതികളിലും അംഗങ്ങൾ ആകുവാനുളള അവസാന തിയതി.
പി.എം.എഫ്.ബി വൈയിൽ വാഴ, മരച്ചീനി എന്നീ വിളകൾ ഇൻഷൂർ ചെയ്യാം. ഹെക്ടറിന് വാഴയ്ക്ക് 3,00,000 രൂപയും, മരച്ചീനിക്ക് 1,25,000 രൂപയും നഷ്ടപരിഹാരം ലഭിക്കും. വാഴയ്ക്ക് 11,100 രൂപയും മരച്ചീനിക്ക് 3,750 രൂപയുമാണ് ഹെക്ടറിന് പ്രീമിയം അടക്കേണ്ടത്. വരൾച്ച, വെളളപ്പൊക്കം, ഇടിമിന്നൽ, മേഘവിസ്ഫോടനം, ആലിപ്പഴ മഴ എന്നിവ മൂലമുണ്ടാക്കുന്ന പ്രകൃതിക്ഷോഭങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും.

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതിയിൽ കുരുമുളക്, കവുങ്ങ്, ഇഞ്ചി, മഞ്ഞൾ, വാഴ മുതലായ വിളകൾ ഇൻഷൂർ ചെയ്യാം. ഈ പദ്ധതിയിൽ വെളളപ്പൊക്കം, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കും. റഫറൻസ് കാലാവസ്ഥ സ്റ്റേഷനിൽ നിന്നുളള കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിളവിൽ ഉണ്ടാകുന്ന നഷ്ടം കണക്കാക്കി ഇൻഷൂർ ചെയ്തിട്ടുളള എല്ലാ കർഷകർക്കും ആനുപാതികമായ നഷ്ടപരിഹാരം ലഭ്യമാകും. കർഷകർക്ക് പദ്ധതി അംഗത്വത്തിനായി നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി pmfby.gov.in എന്ന പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9847465089 എന്ന നമ്പറിൽ കർഷകർക്ക് ബന്ധപ്പെടാവുന്നതാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ വാഹന പ്രചാരണം നടക്കും. ഡെപ്യൂട്ടി കൃഷി ഡയറക്ടർ എം. ജ്യോതി, മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

shortlink

Post Your Comments


Back to top button