കോവിഡ് മഹാമാരിയെ കുറിച്ച് പുത്തൻ വിവാദത്തിന്റെ മൂടി തുറന്ന് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ. മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയെന്ന പ്രചാരണത്തെയാണ് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ജെഫ്രി സാഷ്സ് തള്ളുന്നത്. കൊറോണ വൈറസ് ലോകത്ത് വ്യാപിപ്പിച്ചത് അമേരിക്കയാണെന്ന ഗുരുതര ആരോപണവും ഇദ്ദേഹം ഉയർത്തുന്നു.
കൊറോണയുടെ ഉദ്ഭവം അമേരിക്കൻ ബയോടെക്നൊളജി ലാബിൽ നിന്നാണെന്ന കാര്യം തനിക്ക് സംശയരഹിതമായി ബോദ്ധ്യപ്പെട്ടു എന്നാണ് ഇദ്ദേഹം പറയുന്നത്. രണ്ടു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും സ്വാധീനമേറിയ നൂറുപേരിൽ ഒരാളായി ടൈം മാസിക രണ്ടു തവണ തിരഞ്ഞെടുത്തിട്ടുള്ള പ്രൊഫസർ ജെഫ്രി സാഷ്സ് പക്ഷെ നൂറു ശതമാനം ഉറപ്പ് ഇപ്പോഴും പറയുന്നില്ല.
എന്നാൽ, ഇത് അമേരിക്കൻ ലാബിൽ നിന്നാണ് ചോർന്നതെന്നാണ് ഇതുവരെ ലഭിച്ച തെളിവുകൾ പറയുന്നതെന്നും, ഇക്കാര്യത്തിൽ സർക്കാർ ഒരു അന്വേഷണത്തിന് തയ്യാറായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സത്യം പുറത്തുവരും എന്നതിനാലാണ് അന്വേഷണം നടത്താൻ സർക്കാർ മടിക്കുന്നതെന്നും പ്രൊഫസർ പറഞ്ഞു. കഴിഞ്ഞ മാസം ഒരു ആഗോള സമ്മേളനത്തിലായിരുന്നു ജെഫ്രി സാഷ്സ് ഇത് വെളിപ്പെടുത്തിയത്. ഉടനെ തന്നെ ഇക്കാര്യത്തിൽ ഒരു സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ചൈനീസ് അധികൃതർ രംഗത്ത് എത്തുകയും ചെയ്തു.
നേരത്തേ ഉയിഗൂർ മുസ്ലിംങ്ങൾക്കിടയിൽ വംശഹത്യ നടക്കുന്നു എന്നത് വ്യാജ പ്രചാരണമാണെന്ന് പറഞ്ഞ വ്യക്തിയാണ് പ്രൊഫസർ സാഷ്സ്. ഷീയുടെ സ്തുതിപാഠകൻ എന്നാണ് അദ്ദേഹത്തിന്റെ വിമർശകർ അദ്ദേഹത്തെ വിളിക്കുന്നതും. കൊറോണ വൈറസ് ആവിർഭവിച്ചത് അമേരിക്കയിലാണോ അതോ അമേരിക്കയും ചൈനയും ചേർന്നുള്ള ഒരു പരീക്ഷണത്തിനിടയിലാണോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കുന്നില്ല. അതേസമയം, ഇപ്പോഴും പ്രതിസ്ഥാനത്തുള്ളത് ചൈന തന്നെയാണ്. ചൈനയുടെ നേർക്കായിരുന്നു ഇതുവരെ വിരലുകൾ എല്ലാം ചൂണ്ടിയിരുന്നത്.
കോവിഡ് ആദ്യം പ്രത്യക്ഷപ്പെട്ട വുഹാനിലെ ഇറച്ചി ചന്തയിൽ നിന്നും ഏറെ ദൂരെയല്ലാതുള്ള വൈറോളജി ലാബിലെ പല സുപ്രധാന രേഖകളും മറ്റും നശിപ്പിക്കപ്പെട്ടു. ഔദ്യോഗികമായി കോവിഡ് പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ ഈ വൈറോളജി ലാബിലെ ചില ഗവേഷകർക്ക് അജ്ഞാതമായ ഒരു രോഗം ബാധിച്ചതായി വിവരങ്ങൾ പുറത്തുവന്നു. അതേസമയം, കോവിഡിനെ കുറിച്ച് തുറന്നു പറഞ്ഞവരുടെ എല്ലാം വായമൂടിക്കെട്ടി. ഇതെല്ലാമാണ് ചൈനയ്ക്ക് നേരെ സംശയത്തിന്റെ വിരലുകൾ നീളാൻ കാരണമായത്.
പ്രൊഫസർ സാഷ്സ് തന്നെ നേരത്തേ പറഞ്ഞിരുന്നത് അമേരിക്കൻ ചൈനീസ് ശാസ്ത്രജ്ഞന്മാർ ഒരുമിച്ച് നടത്തുന്ന പരീക്ഷണത്തിനിടയിലാണ് വൈറസ് ചോർച്ച ഉണ്ടായതെന്നായിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നത് ഇത് പൂർണ്ണമായും അമേരിക്കൻ ലാബിൽ രൂപപ്പെടുത്തിയെടുത്ത വൈറസ് ആണെന്നാണ്. ചൈന നേരത്തേ നടത്തിയിരുന്ന വ്യാജ പ്രചാരണങ്ങൾക്ക് സമാനമാണ് ഇയാളുടെ വാദം എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments