പാലക്കാട് : പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന ന്യായീകരണവുമായി പാലക്കാട് തങ്കം ആശുപത്രി അധികൃതര്‍. അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് ആ സമയത്തെ തീരുമാനമാണെന്നും അത് മുന്‍കൂട്ടി അറിയിക്കാന്‍ കഴിയില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Read Also: കൊലയാളികൾ തലേദിവസവും വഴിയിൽ കാത്തു നിന്നിരുന്നു: പദ്ധതി നടക്കാഞ്ഞത് ഉമേഷ് നേരത്തേ കടയടച്ചത് കാരണം
ജൂലായ് 5ന് ആയിരുന്നു പ്രസവ തിയതി. ജൂലായ് 2ന് പ്രസവ വേദന വന്നപ്പോള്‍ മൂന്ന് ഡോക്ടര്‍മാര്‍ മാറി മാറി പരിശോധിച്ചിരുന്നു. ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റ് തന്നെയാണ് ഐശ്വര്യയെ നോക്കിയത്. ഡോ. പ്രിയദര്‍ശിനിയും ഐശ്വര്യയെ പരിശോധിച്ചിരുന്നു. അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത് എന്നും ഡോ. ചന്ദ്രമൗലി പറഞ്ഞു.
‘കുഞ്ഞിന്റെ മരണത്തിന് ശേഷം അമ്മയ്ക്ക് മതിയായ എല്ലാ ചികിത്സയും നല്‍കിയിരുന്നു. അമിതമായ രക്തസ്രാവമാണ് മരണകാരണമായത്. കുട്ടിയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ തന്നെ സംസ്‌കരിച്ചു എന്ന് പറയുന്നത് ശരിയല്ല’, ഡോക്ടര്‍മാര്‍ പറഞ്ഞു.
ഐശ്വര്യയുടെ മരണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്ന വാദവുമായി ഐഎംഎയും രംഗത്തെത്തി. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് ഐഎംഎ പാലക്കാട് പ്രസിഡന്റ് എന്‍.എം അരുണ്‍ അറിയിച്ചത്. ഓപ്പറേഷന്‍ ചെയ്യാനുള്ള അനുമതിയാണ് കുടുംബത്തില്‍ നിന്ന് വാങ്ങിയത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് ആ സമയത്തെ തീരുമാനമാണ്. അത് മുന്‍കൂട്ടി അറിയിക്കാന്‍ കഴിയില്ലെന്നും അവസാന നിമിഷമാണ് ആ തീരുമാനമെടുക്കുക എന്നുമാണ് അധികൃതര്‍ പറയുന്നത്. ഏത് അന്വേഷണത്തേയും നേരിടാന്‍ ആശുപത്രി തയ്യാറാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments