തിരുവനന്തപുരം: എ.കെ.ജി സെന്ററുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ചെറിയാൻ ഫിലിപ്പ്. എ.കെ.ജി സെന്റർ ഒരു വഞ്ചനയുടെ സ്മാരകമാണെന്ന് അദ്ദേഹം ആരോപിച്ചു.
1977-ൽ എ.കെ.ജിയുടെ സ്മാരകമായി ഒരു പഠന ഗവേഷണ കേന്ദ്രത്തിന് സർക്കാർ നൽകിയ 35 സെന്റ് ഭൂമിയിൽ പാർട്ടി ഓഫീസ് സ്ഥാപിച്ച് സി.പി.എം നേതൃത്വം സർക്കാരിനെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരപ്രമുഖർ അടങ്ങിയ എ.കെ.ജി സ്മാരക കമ്മറ്റിയുടെ പേരിൽ നൽകിയ ഭൂമി ക്രമേണ പാർട്ടി നേതാക്കൾ മാത്രമടങ്ങിയ ഒരു ട്രസ്റ്റിന് കൈമാറിയെന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാരുമായുള്ള ധാരണ ലംഘിച്ചതിനെതിരെ കേസ് കൊടുക്കുമെന്ന് താൻ പ്രഖ്യാപിച്ച ശേഷമാണ് എ.കെ.ജി പഠന ഗവേഷണ കേന്ദ്രവും ലൈബ്രറിയും തുടങ്ങിയതെന്നും ഇ.എം.എസിന്റെ അഭ്യർത്ഥനയെ മാനിച്ച് പഠന കേന്ദ്രത്തിന് വേണ്ടി മാത്രമാണ് റവന്യൂ വകുപ്പിന്റെ 15 സെന്റും കേരള യൂണിവേഴ്‌സിറ്റിയുടെ 20 സെന്റും അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി അനുവദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘1987 ൽ എ.കെ.ജി സെന്റർ യൂണിവേഴ്‌സിറ്റിയുടെ എട്ട് സെന്റ് ഭൂമി അനധികൃതമായി കയ്യേറിയതായി ചില മാധ്യമങ്ങളിൽ ആരോപണമുണ്ടായി. ഇക്കാര്യം യൂണിവേഴ്‌സിറ്റി സെനറ്റിൽ താൻ ഉന്നയിച്ചതിനെ തുടർന്ന് റവന്യൂ അധികൃതർ ഭൂമി അളന്നപ്പോൾ അധികമുണ്ടെന്ന് കണ്ടെത്തി. ഗവേഷണ സ്ഥാപനം എന്ന പേരിൽ കെട്ടിട നികുതിയിലും വൈദ്യുതി നിരക്കിലും ഇളവു നേടിയിരുന്നു. എ.കെ.ജി സെന്റർ ക്രമക്കേടുകൾ നിയമസഭയിലും ദേശീയ തലത്തിലും വിവാദമായി.
ഇതിനിടെ ഡൽഹിയിൽ വെച്ച് ഇ.എം.എസിനെ കണ്ടപ്പോൾ വിശ്വാസപൂർവ്വം അദ്ദേഹം തന്നോടു പറഞ്ഞ കാര്യങ്ങൾ എ.കെ ആന്റണി, കെ.കരുണാകരൻ എന്നിവരെ ധരിപ്പിച്ചു. എ.കെ.ജിയോടും ഇ.എം.എസിനോടും ആദരവു പുലർത്തിയിരുന്ന അവരും കെ.പി.സിസിയും രാഷ്‌ട്രീയ മാന്യതയുടെ പേരിലാണ് വിവാദം അവസാനിപ്പിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
Post Your Comments